കൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ 35.30 കോടിയുടെ കടബാധ്യതയിൽ മുങ്ങി അതിജീവിതർ. ഉരുളിൽ ഉപജീവനമാർഗമടക്കം എല്ലാം നഷ്ടപ്പെട്ടവർക്ക് വായ്പ തിരിച്ചടവ് അസാധ്യമാണ്. അതിജീവിതരെല്ലാം കൂലിപ്പണിക്കാരും വാഹനമോടിക്കലടക്കം നടത്തി കുടുംബം പുലർത്തിയിരുന്നവരുമാണ്.
നിലവിൽ ഇവർ സർക്കാർ ഒരുക്കിയ വാടകവീടുകളിലാണ് കഴിയുന്നത്. ദുരന്തം എല്ലാം നഷ്ടപ്പെടുത്തുന്നതിനു മുമ്പ് വായ്പഗഡു കൃത്യമായി തിരിച്ചടച്ചിരുന്നവരാണ് മിക്കവരും. വായ്പ എഴുതിത്തള്ളാനാകില്ലെന്നു കേന്ദ്ര സർക്കാർ കേരള ഹൈകോടതിയിലാണ് സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ വൻകിടക്കാരുടെ 7.28 ലക്ഷം കോടിയുടെ കടമാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ വായ്പ എഴുതിത്തള്ളാൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അതിജീവിതർ.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ ദുരന്തബാധിതരുടെ ദേശസാത്കൃത ബാങ്കുകളിലെ ആകെ വായ്പ 35.30 കോടി രൂപയുടേതാണ്. ഈ പ്രദേശങ്ങളിൽ 12 ബാങ്കുകൾ ചേർന്ന് നൽകിയ 3,220 വായ്പകളിലായാണിത്. എന്നാൽ, പലിശയും പിഴപ്പലിശയുമടക്കം നിലവിൽ വൻ വർധന വായ്പ തിരിച്ചടവ് തുകയിൽ ഉണ്ടായിട്ടുണ്ട്. നേരത്തേ വായ്പകളിൽ മൊറട്ടോറിയവും റീ ഷെഡ്യൂളും നടത്താമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. നിശ്ചിതകാലത്തേക്ക് വായ്പയിലുള്ള തുടർനടപടികൾ നിർത്തി വെക്കുന്ന മൊറട്ടോറിയം ആയാലും വായ്പ നിബന്ധനകൾ മാറ്റി കാലാവധി നീട്ടുന്ന റീ ഷെഡ്യൂൾ ആയാലും ദുരന്തബാധിതർ പലിശ അടക്കം തിരിച്ചടക്കേണ്ടി വരും.
ഒരു വർഷത്തെ മൊറട്ടോറിയത്തിന്റെ കാലാവധി തീരാറുമായി. കേന്ദ്രസർക്കാർ കൈവിട്ടതോടെ ദേശസാത്കൃത ബാങ്കുകളിലെ വായ്പത്തുക പലിശയടക്കം ഇനി തിരിച്ചടക്കേണ്ടിവരും. ഇക്കാര്യം ലീഡ് ബാങ്ക് അധികൃതരും ശരി വെക്കുന്നുണ്ട്.
ജില്ല ഭരണകൂടമടക്കം നൽകിയ കണക്കനുസരിച്ചുള്ള 35 കോടിക്ക് മുകളിലുള്ള ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായി എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ആഗസ്റ്റ് 20ന് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം വായ്പകളും അനുവദിച്ചത് ദേശസാത്കൃത ബാങ്കുകളാണ്. എന്നാൽ, ഇവർ അനുകൂല നടപടിയെടുത്തിരുന്നില്ല. നിലവിൽ കേരള ബാങ്ക് മാത്രമാണ് 3.85 കോടിയുടെ വായ്പ എഴുതിത്തള്ളിയത്. ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍നിന്ന് 213 പേർക്കായി ആകെ 6.63 കോടി വായ്പയാണ് നൽകിയത്.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 1.5 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. കുടുംബശ്രീ വഴി എടുത്ത 1.85 കോടിയുടെ വായ്പ എഴുതിത്തള്ളണമെന്ന നിർദേശം സംസ്ഥാന സർക്കാറിന്റെ പരിഗണനയിലാണ്. ഇതു മാത്രം എഴുതിത്തള്ളുന്നത് എതിർപ്പിനിടയാക്കുമെന്ന ധനകാര്യ വകുപ്പിന്റെ തടസ്സവാദം മൂലമാണ് നടപടി വൈകുന്നതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.