തിരുവനന്തപുരം: അതിവേഗ ഇടനാഴിയിൽ നിന്ന് കേരളത്തെ പുറന്തള്ളിയതിന് പിന്നാലെ റെയിൽ വികസന ഫണ്ടിലും കടുത്ത പക്ഷപാതം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിഹിതമാണ് കേരളത്തിന് നൽകിയത്. ബജറ്റിൽ 3,795 കോടിയാണ് കേരളത്തിനുള്ള റെയിൽവേ വിഹിതം. ഇതിൽ ഭൂരിഭാഗവും സ്റ്റേഷൻ നവീകരണ പദ്ധതികൾ പൂർത്തിയാക്കാനുള്ള വിഹിതമാണ്. മഹാരാഷ്ട്രയ്ക്കും ഉത്തർപ്രദേശിനും ലഭിച്ച തുകയുടെ ആറിലൊന്നുപോലും കേരളത്തിനില്ല. അയൽ സംസ്ഥാനമായ തമിഴ്നാടിന് ലഭിച്ച വിഹിതത്തിന്റെ പകുതി പോലും കേരളത്തിന് ലഭിച്ചില്ലെന്നതും അവഗണനയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
റെയിൽ ശൃംഖലയുടെ ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കൽ, അതിവേഗ കണക്റ്റിവിറ്റി എന്നിവയ്ക്കാണ് ബജറ്റിലെ മുൻഗണന. അതേസമയം, വിഹിതം കുറഞ്ഞതോടെ കേരളത്തിലെ ഈ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാകും. ബജറ്റിൽ കേരളത്തിന് ലഭിച്ച വിഹിതത്തിന്റെ വലിയൊരു ഭാഗം സ്റ്റേഷൻ നവീകരണത്തിനാണ് മാറ്റിവെച്ചത്. വലിയ പദ്ധതികൾ അനുവദിക്കാതിരിക്കുകയും സ്റ്റേഷൻ നവീകരണം പോലെ, താരതമ്യേന ചെലവ് കുറഞ്ഞ പദ്ധതികൾ ഉയർത്തിക്കാട്ടുകയുമാണെന്നാണ് വിമർശനം.
സ്റ്റേഷൻ സൗന്ദര്യവത്കരണവും അടിസ്ഥാന സൗകര്യ വികസനവും പ്രധാനമാണെങ്കിലും ഇത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനോ പുതിയ ട്രാക്കുകൾ നിർമിക്കാനോ സഹായിക്കില്ല. അതിനാൽ ഗതാഗതസൗകര്യങ്ങൾ കൂടില്ല. യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നമായ ട്രെയിനുകളുടെ കുറവും വൈകിയോട്ടവും പരിഹരിക്കാൻ ഇത്തരം പദ്ധതികൾക്ക് കഴിയില്ല. കേരളത്തിന്റെ റെയിൽവേ വികസനം തടസ്സപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ചെന്നൈയിൽ ആയതാണ്. കേരളത്തിലെ റെയിൽവേ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ല.
ആന്ധ്രാപ്രദേശിനായി വിശാഖപട്ടണം ആസ്ഥാനമാക്കി പുതിയ ‘സൗത്ത് കോസ്റ്റ് റെയിൽവേ’ അനുവദിച്ച കേന്ദ്രം, കേരളത്തിന്റെ സോൺ ആവശ്യത്തെ ട്രാക്ക് ദൈർഘ്യം കുറവാണെന്ന ന്യായം പറഞ്ഞ് തള്ളി. ബജറ്റിൽ മുംബൈ-പുണെ, പുണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നീ 4,000 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇടനാഴികൾ നിർമിക്കാനായി 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം ചെന്നൈ-ബെംഗളൂരു-ഹൈദരാബാദ് അതിവേഗ ത്രികോണം ഈ മേഖലയിലെ ഐ.ടി, വ്യവസായ ഹബ്ബുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വലിയൊരു വികസനക്കുതിപ്പായി മാറും. പക്ഷേ കേരളം അപ്പോഴും പടിക്ക് പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.