തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം നീക്കത്തിന് തടയിടാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുസ്ലിം സംഘടന നേതാക്കളുമായി സംസാരിച്ചു. പാണക്കാട് സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ എന്നിവരെയാണ് ഫോണിൽ ബന്ധപ്പെട്ടത്. ഏക സിവിൽ കോഡ് വിഷയത്തിൽ കരട് ബിൽ വന്നതിനുശേഷം പ്രതികരിക്കാമെന്ന എ.ഐ.സി.സി നിലപാടിൽ മുസ്ലിം സംഘടനകളിൽ ചിലർ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
വിഷയത്തിൽ സെമിനാർ പ്രഖ്യാപിച്ച സി.പി.എം കേരളത്തിൽ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാനൊരുങ്ങുകയുമാണ്. കോൺഗ്രസിന് ശക്തമായ നിലപാടില്ലെന്ന് ആരോപിക്കുന്ന സി.പി.എം തങ്ങളുടെ പ്രക്ഷോഭ പരിപാടിയിൽ സമസ്ത ഉൾപ്പെടെയുള്ളവരെ അണിനിരത്താനുള്ള നീക്കത്തിലാണ്. യോജിച്ച നീക്കത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുസ്ലിം ലീഗിനെ ക്ഷണിക്കുകയും ചെയ്തു.ഈ പശ്ചാത്തലത്തിലാണ് എ.ഐ.സി.സി ഇടപെടൽ. ഏക സിവില്‍ കോഡ് പൊതുവിഷയമായി ഉയര്‍ത്തുമെന്ന് മുസ്ലിം നേതാക്കൾക്ക് കെ.സി. വേണുഗോപാൽ ഉറപ്പുനൽകി.
ഏക സിവിൽ കോഡ് ഹിന്ദു - മുസ്ലിം വിഷയമാക്കി മാറ്റുന്ന സി.പി.എം കെണിയിൽ വീഴരുതെന്നും നേതാക്കളുമായുള്ള സംസാരത്തിൽ സൂചിപ്പിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ കെ.പി.സി.സി നേതൃയോഗം ബുധനാഴ്ച ചേരും.
കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എൽ.എമാര്‍, ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവര്‍ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടിൽ കണ്ണുവെച്ച് സി.പി.എം ഏക സിവിൽ കോഡ് വിഷയം ഏറ്റെടുത്ത് നേട്ടമുണ്ടാക്കുന്നത് തടയാൻ എ.ഐ.സി.സി നിലപാടിൽനിന്ന് വ്യത്യസ്തമായി പ്രക്ഷോഭ വഴി സ്വീകരിക്കാനാണ് കെ.പി.സി.സി ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.