കാസർകോട്: പെരിയയിൽ ദേശീയപാത നിർമ്മാണത്തിനിടെ അടിപ്പാത തകർന്നു വീണ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. അടിപ്പാതയുടെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിനെതിരെ മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിനടക്കമാണ് കേസ്.
നിർമാണത്തിൽ അപാകതയുണ്ടെന്നും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമടക്കമുള്ള ആവശ്യങ്ങൾ സംഭവത്തിനു പിന്നാലെ ഉയർന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പെട്ടെന്ന് പണി തീർക്കാനായി ആവശ്യത്തിന് സിമന്റും വെള്ളവും ചേർക്കാതെയാണ് കോൺക്രീറ്റ് പ്രവർത്തികൾ നടത്തിയതെന്നായിരുന്നു പുല്ലൂർ- പെരിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ് രംഗത്തെത്തി. നിർമാണത്തിൽ അപാകതയുണ്ടായിട്ടില്ലെന്നും കമ്പനി അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.
നിർമാണ സാധനങ്ങൾ പ്രത്യേകം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. സിമന്റും കമ്പിയും കുറഞ്ഞുവെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ചെറിയ തൂണുകളിലുണ്ടായ പ്രശ്നമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിചയസമ്പത്തുള്ള തൊഴിലാളികൾ തന്നെയാണ് നിർമാണപ്രവർത്തികൾ നടത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് കാസർകോട് ദേശീയപാതയുടെ ഭാഗമായി പെരിയ ടൗണിൽ കല്യോട്ട് റോഡിനായുള്ള അടിപ്പാത തകർന്നത്. പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് അപകടം. അപകട സമയം എട്ട് തൊഴിലാളികൾ സ്ലാബിന് മുകളിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.