കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനു കാരണം അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളും -പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: മേപ്പാടി കള്ളാടിയില്‍ കഴിഞ്ഞദിവസം വീട്ടമ്മ ജസി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനും പ്രദേശത്തും മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലും വര്‍ഷങ്ങളായി നിലനില്‍ക്കുകയും അനുദിനം വര്‍ധിക്കുകയും ചെയ്യുന്ന കാട്ടാന-മനുഷ്യ സംഘര്‍ഷത്തിനും പ്രധാന കാരണം കാമല്‍ ഹംപ് മലനിരകളിലെ അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.

വസ്തുതകളില്‍നിന്നു ഒളിച്ചോടി താൽകാലിക പരിഹാരമുണ്ടാക്കി ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടുകയാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വവും ജനപ്രതിനിധികളുമെന്ന് യോഗം കുറ്റപ്പെടുത്തി. ജസിയുടെ മരണം ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും അടക്കം ഭരണസംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും അനാസ്ഥയും അഴിമതിയും മൂലം ഉണ്ടായതാണ്. ജസിയുടെ കുടുംബത്തിന്ന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതരില്‍ ഒരാള്‍ക്ക് പഞ്ചാത്ത് ഓഫിസിലോ കലക്ടറേറ്റിലോ ജോലിയും നല്‍കണം. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍നിന്നു വനം വകുപ്പിന് ലഭിക്കുന്നതും ഉദ്യോഗസ്ഥര്‍ യഥേഷ്ടം ഉപയോഗിക്കുന്നതും ഓഡിറ്റിനുപോലും വിധേയമല്ലാത്തതുമായ ഫണ്ടില്‍നിന്നു നഷ്ടപരിഹാരം അനുവദിക്കണം. ജില്ലയിലെ വനം ഡിവിഷനുകളിലും റേഞ്ച് ഓഫിസുകളിലും ഇക്കോളജിസ്റ്റ്, സോഷ്യോളജിസ്റ്റ്, അറ്റന്‍ഡര്‍, ആന ഗവേഷകര്‍ തുടങ്ങിയ തസ്തികളില്‍ നിയമനം നല്‍കിയ സ്വന്തക്കാര്‍ക്ക് ശമ്പളമായി നല്‍കുന്ന ഭീമമായ തുകയുടെ തുച്ഛമായ അംശം ജസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മതിയാകും.

ഇക്കോ ടൂറിസത്തിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണമായും പരിസരത്തെ കര്‍ഷകരുടെയും ആദിവാസികളുടെയും ക്ഷേമത്തിന് വിനിയോഗിക്കണമെന്ന വ്യവസ്ഥ വനം അധികാരികള്‍ കാറ്റില്‍ പറത്തുകയാണ്. 2011ല്‍ നിലമ്പൂര്‍ താഴ്‌വരയില്‍നിന്നു മലകയറി വയനാട്ടില്‍ എത്തിയ കാട്ടാനക്കൂട്ടം തിരികെപ്പോകാന്‍ കഴിയാതെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് ഒറ്റപ്പെട്ടിരുന്നു. ഈ ആനക്കൂട്ടം മുണ്ടക്കൈ മുതല്‍ ലക്കിടിവരെയുള്ള പ്രദേശം ആവാസ കേന്ദ്രമാക്കിയിരിക്കയാണ്. ഇവയെ നിലമ്പൂരിലെ വിശാലമായ ആവാസവ്യവസ്ഥയിലേക്ക് തിരികെ അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ പല തവണ വനം മേധാവികള്‍ക്ക് ശിപാര്‍ശ ചെയ്തതാണ്. വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ ചെവിക്കൊണ്ടില്ല.

സമീപകാലത്ത് മുണ്ടക്കൈ മുതല്‍ ലക്കിടി വരെ മലഞ്ചരിവുകളില്‍ ടൂറിസത്തിന്റെ പേരില്‍ അനേകം നിയമവിരുദ്ധ നിര്‍മിതികളാണ് നടന്നത്. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, കണ്ണാടിപ്പാലങ്ങള്‍, ടെന്റുകള്‍, ഓഫ് റോഡ് റൈഡ് സൗകര്യങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. തുരങ്കപാത നിര്‍മാണവും ഇന്നത്തെ ഗുരുതരാവസ്ഥക്കു കാരണമാണ്. തൊള്ളായിരംകണ്ടിയിലെ വനമധ്യത്തിലുള്ള റോഡുകളില്‍ ദിവസം 500ല്‍ അധികം ജീപ്പുകളാണ് രാവുംപകലും ഓടുന്നത്. 2024ലെ പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനുശേഷവും മലവാരങ്ങളില്‍ ഭൂമിയുടെ നിയമവിരുദ്ധ കൈമാറ്റവും ടൂറിസം പ്രവര്‍ത്തനങ്ങളും പൊടിപൊടിക്കുകയാണ്. പൈലിങ് നടത്തി പില്ലറുകളിലാണ് കോട്ടേജുകള്‍ നിര്‍മിക്കുന്നത്. അരുവികള്‍ വഴിതിരിച്ചാണ് സ്വിമ്മിങ് പൂളുകള്‍ നിറക്കുന്നത്.

രാത്രി ഓഫ് റോഡുകളില്‍ നിരവധി ജീപ്പുകള്‍ സെര്‍ച്ച്‌ലൈറ്റുകള്‍ പ്രകാശിപ്പിച്ചും ശബ്ദകോലാഹലം ഉണ്ടാക്കിയും തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. ഇത് കാട്ടാനകള്‍ ഉള്‍പ്പെടെ വന്യജീവികളുടെ സ്വൈര്യജീവിതത്തിനു വിഘാതമാകുകയാണ്. എല്ലാ വര്‍ഷവും സംഭവിക്കുന്ന ചെറുതും വലുതുമായ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും അവയുടെ ജീവിതസാഹച്യങ്ങളെ ബാധിക്കുകയാണ്. കാമല്‍ ഹംപ് മലനിരകളിലെ അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളും രാഷ്ടീയപ്പാര്‍ട്ടി നേതൃത്വത്തിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി, വൈത്തിരി പഞ്ചായത്തുകളുടെയും പൂര്‍ണ പിന്തുണയോടെയാണ് നടക്കുന്നത്. ജസിയുടെ മരണത്തെത്തുടര്‍ന്ന് പ്രക്ഷോഭം നടത്തിയവരും സര്‍വകക്ഷി നേതാക്കളും വനം അധികാരികളും ഇക്കാര്യത്തില്‍ ഒരക്ഷരം ഉരിയാടിയില്ല.

മലഞ്ചെരിവുകളിലെ നിമയമവിരുദ്ധ നിര്‍മിതികള്‍ പൊളിച്ചുമാറ്റണം. ഓഫ് റോഡ് റൈഡുകള്‍ നിരോധിക്കണം. വനം വകുപ്പിന്റെ ഇക്കോ ടൂറിസം അവസാനിപ്പിക്കണം. ഇതിനു തയാറാകാതെ എന്തെല്ലാം പരിഹാരക്രിയകള്‍ നടത്തിയാലും ജസിയെ പോലുള്ള പാവങ്ങളുടെ ജീവന്‍ പൊലിയുകയും പ്രതിഷേധ പ്രഹസനങ്ങള്‍ അരങ്ങേറുകയും ചെയ്തുകൊണ്ടേയിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, പി.എം. സുരേഷ്, ബാബു മൈലമ്പാടി, തച്ചമ്പത്ത് രാമകൃഷണന്‍, സണ്ണി മരക്കടവ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Uncontrolled tourism and illegal constructions are the reasons behind the death of a housewife in a wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.