അടൂർ: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഏഴംകുളം രഞ്ജിത്ത് ഭവനത്തിൽ അരുൺ കുമാർ(34)നെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ചയാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെ വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആളാണ് അരുൺ കുമാർ. ഷെഹന മരിക്കുന്നതിന് മുമ്പ് അരുണുമായി വീട്ടിൽ തർക്കമുണ്ടായിരുന്നു. ഷെഹനയുടെ മരണ കാരണം ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അറസ്റ്റിലായ പ്രതി അരുണിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി മരണപ്പെട്ട ഷഹാനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഷഹാനയെ പ്രതി നിരന്തരം മതം മാറാൻ നിർബന്ധിച്ചിരുന്നതായും ഭീഷണിപ്പെടുത്തി വൻതോതിൽ പണം തട്ടിയെടുത്തിരുന്നതായും മാതാവ് ഷീജ വെളിപ്പെടുത്തി.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ഷഹാനക്ക് സ്ഥിരവരുമാനമുണ്ടായിരുന്നതിനാൽ മൊബൈൽ ഫോൺ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രതി വലിയ തുകകൾ കൈപ്പറ്റിയിരുന്നു. സ്വന്തമായി ബാങ്ക് ലോൺ എടുപ്പിച്ചുപോലും അരുൺ പണം തട്ടിയെടുത്തിരുന്നതായും, ഷഹാന പുതിയ വീടും വസ്തുവും സ്വന്തമാക്കിയതോടെ അത് കൈക്കലാക്കാൻ വേണ്ടിയാണ് പീഡനം കടുപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
ഏകദേശം മൂന്നാല് മാസങ്ങൾക്ക് മുൻപ് മതം മാറി വിവാഹം കഴിക്കാൻ അരുൺ ആവശ്യപ്പെട്ടെങ്കിലും, തന്റെ കുഞ്ഞിനെ നോക്കി സ്വന്തം ജോലി ചെയ്ത് ജീവിക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞ് ഷഹാന ഇത് നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനസിക പീഡനവും ഭീഷണിയും വർധിച്ചത്. ഷഹാന മരണപ്പെട്ട ദിവസവും പ്രതി ഇത്തരത്തിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ചിരുന്നതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്.
സംഭവദിവസം വഴിയിൽ കാത്തുനിന്ന അരുൺ, ഷഹാന വീട്ടിലേക്ക് പോകുന്ന സമയത്ത് പുറകെ ചെല്ലുകയും വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു.തുടർന്ന് ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ഷഹാനയെ പ്രതി കഠിനമായ സമ്മർദ്ദത്തിലാക്കുകയും മർദ്ദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.