കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എൽ പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നൃത്ത പരിപാടി സംഘടിപ്പിച്ചതിൽ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്.ഐ.ആർ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു.
സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവ സ്ഥലത്ത് ഡോക്ടർമാരോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
ഗുരുതര പരുക്കേറ്റ എം.എൽ.എ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. വീഴ്ചയിൽ തലക്ക് പിന്നിൽ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടർന്ന് ശ്വാസകോശത്തിലും മുറിവുണ്ട്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാര്‍ അറിയിച്ചു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിനിടെയാണ് ഉമ തോമസിന് പരിക്കേറ്റത്. കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു നൃത്തപരിപാടി.
സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എൽ.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സുരക്ഷയുടെ ഭാഗമായി റിബൺ കോർത്തായിരുന്നു ഗാലറിയിൽ നിന്ന് താഴേക്കുള്ള ഭാഗത്തെ വേർതിരിച്ചിരുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.