ഉമ തോമസിന്‍റെ തലച്ചോറിനും ശ്വാസകോശത്തിനുമേറ്റ പരിക്കുകൾ ഗുരുതരം; വിദഗ്ധ സംഘം ആശുപത്രിയിൽ

കൊച്ചി: ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതി കുടുതൽ സങ്കീർണമാക്കുന്നത് തലച്ചോറിനും ശ്വാസകോശത്തിനുമേറ്റ പരിക്കുകൾ. മുഖത്തും നട്ടെല്ലിനും വാരിയെല്ലിനും ഇടത് കാൽമുട്ടിനും പരിക്കുകളും പൊട്ടലുമുണ്ടെങ്കിലും തലച്ചോറിന്‍റെയും ശ്വാസകോശത്തിന്‍റെയും സ്ഥിതിയിലാണ് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിക്കുന്നത്. വെന്‍റിലേറ്റർ ഉപയോഗിച്ചതിന്‍റെ പ്രധാന കാരണവും ഇതാണ്.

ആശുപത്രിയിലെത്തിയ ശേഷമാണ് പൂർണമായും അബോധാവസ്ഥയിലായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ബോധാവസ്ഥ, പ്രതികരണശേഷി, ഓർമശക്തി എന്നിവയുടെ അടിസ്ഥാനത്തിൽ ക്ഷതത്തിന്‍റെ ആഴം സംബന്ധിച്ച ഗ്ലാസഗോ കോമ സ്കെയിൽ സ്കോർ എട്ട് ആണെന്ന് ആശുപത്രി ഡയറക്ടർ കൂടിയായ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. മൂന്നുമുതൽ 15 വരെയാണ് സാധാരണ ഇതിന്‍റെ തോത്. എട്ട് എന്നത് തൃപ്തികരമായ അവസ്ഥയല്ല. തലയിൽ ആന്തരിക രക്തസ്രാവം ഇല്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. രക്തസ്രാവം പൊതുവേ നിന്നിട്ടുണ്ട്. അതിനാൽ, അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. അതേസമയം, ശ്വാസകോശത്തിൽ കട്ടപിടിച്ചുകിടക്കുന്ന രക്തം ട്യൂബ് ഉപയോഗിച്ച് നീക്കംചെയ്യേണ്ടിവരും. രക്തസമ്മർദമടക്കം ശാരീരികനില സാധാരണ സ്ഥിതിയിലാക്കുകയെന്നതാണ് ഡോക്ടർമാരുടെ പ്രാഥമിക നടപടി. ഇതിനാണ് 24 മണിക്കൂർ നിരീക്ഷണം നിർദേശിച്ചത്. തുടർചികിൽസ ഇതിനുശേഷം മാത്രമേ തീരുമാനിക്കൂ.

വളരെ എളുപ്പം നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം സാധ്യമല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. പ്രാഥമികമായി എടുത്ത സി.ടി സ്കാനിൽ അസ്ഥികൾക്ക് ഗുരുതര ഒടിവുകളില്ലെന്ന് കണ്ടെത്തിയതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. മുറിവുകൾ തുന്നിക്കെട്ടുന്നത് ആരംഭിച്ചിട്ടുമുണ്ട്. മെഡിക്കൽ ഡയറക്ടറും ഇന്‍റേണൽ മെഡിസിൻ സ്പെഷലിസ്റ്റുമായ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്തിനെ കൂടാതെ റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീൽ, ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി വിഭാഗത്തിലെ ഡോ. രാഹുൽ ചന്ദ്രൻ, കാർഡിയോളജിസ്‌റ്റ് ഡോ. ബി.സി. രഞ്ജുകുമാർ, ഒഫ്‌താൽമോളജി വിഭാഗത്തിലെ ഡോ. രേഖ ജോർജ്, ഇ.എൻ.ടി സർജൻ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ, പ്ലാസ്റ്റിക് സർജൻ ഡോ. കെ.എസ്. മധു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സ.

അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരെക്കൂടി ചേർത്ത് മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. ഞായറാഴ്ച രാത്രിതന്നെ സംഘം ഉമ തോമസ് ചികിൽസയിലുള്ള പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തി. നിലവിലെ ഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തിയാണ് വിദഗ്ധസംഘം രൂപവത്കരിച്ചിരിക്കുന്നത്. കൊച്ചി, കോട്ടയം മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നിലവിൽ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

Tags:    
News Summary - Uma Thomas brain and lung injuries more complicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.