ചേലേമ്പ്ര (മലപ്പുറം): ബസ് ഫീസായ 1000 രൂപ അടക്കാൻ വൈകിയ യു.കെ.ജി വിദ്യാർഥിയെ പ്രധാനാധ്യാപികയുടെ നിർദേശത്തെ തുടർന്ന് സ്കൂൾ ബസിൽ കയറ്റിയില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എ.എൽ.പി സ്കൂൾ അധികൃതരാണ് അഞ്ച് വയസ്സ് മാത്രമുള്ള കുഞ്ഞിനോട് ക്രൂരത കാണിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മാസത്തിലെ 500 രൂപ സ്കൂൾ ബസ് ഫീസ് രണ്ട് മാസത്തെ കുടിശ്ശികയായി 1000 രൂപയാണ് അടക്കാൻ ഉണ്ടായിരുന്നത്. കുട്ടിയുടെ അച്ഛൻ ഗൾഫിൽനിന്ന് വിസ ക്യാൻസൽ ചെയ്ത് തിരികെ പോരുന്നതിനാൽ ഫീസ് നൽകാൻ കുറച്ച് ദിവസം വൈകുമെന്ന് ക്ലാസ് ടീച്ചറെ വിളിച്ച് പറഞ്ഞിരുന്നെന്ന് മാതാവ് പറഞ്ഞു.
രാവിലെ സ്കൂൾ ബസ് എത്തിയപ്പോൾ കൂടെയുണ്ടായിരുന്നവരെ കയറ്റുകയും യു.കെ.ജി വിദ്യാർഥിയെ കയറ്റാതെ വഴിയിലാക്കി പോകുകയുമായിരുന്നു. ഇത് മകന് മാനസിക പ്രയാസമുണ്ടാക്കിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ സ്കൂളിലെത്തിയപ്പോൾ സ്കൂൾ അധികൃതർ മോശമായി പെരുമാറിയെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
സ്കൂൾ മാനേജർക്കും പ്രധാനാധ്യാപികക്കുമെതിരെ കുടുംബം വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും ബാലാവകാശ കമീഷനിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.