സര്‍ട്ടിഫിക്കറ്റുകളില്‍ വിദൂര പഠനരീതി വ്യക്തമാക്കാന്‍ യു.ജി.സി നിര്‍ദേശം

തിരുവനന്തപുരം: വിദൂരപഠന വിഭാഗത്തിനുകീഴില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യു.ജി.സിയുടെ ഇരുട്ടടി. ഇനി മുതല്‍ വിദൂരപഠന രീതിയില്‍ കോഴ്സ് വിജയിക്കുന്നവരുടെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളിലും ഇക്കാര്യം വ്യക്തമാക്കാന്‍ യു.ജി.സി ഉത്തരവിട്ടു. സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. ബിരുദം, ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കെല്ലാം ചേര്‍ന്ന് പഠിക്കുന്നവരുടെ കാര്യത്തില്‍ ഈ നിര്‍ദേശം ബാധകമായിരിക്കും. സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദൂരവിദ്യാഭ്യാസ രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനരീതി വ്യക്തമാക്കാതെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്ഷീറ്റുകളും നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടതായി യു.ജി.സി സര്‍ക്കുലറില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സാമ്പ്രദായിക രീതിയില്‍ (റെഗുലര്‍) പഠിച്ചവരെയും വിദൂര വിദ്യാഭ്യാസരീതിയില്‍ പഠിച്ചവരെയും തിരിച്ചറിയാന്‍ ലക്ഷ്യമിട്ടാണ് ഈ നിര്‍ദേശം. പഠനരീതി രേഖകളില്‍ വ്യക്തമാക്കുന്നതോടെ തൊഴില്‍ രംഗത്ത് ഈ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി നേരിടും. നിലവില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കാറില്ല. വിദൂര പഠന കോഴ്സുകളോട് വിവേചനം പാടില്ളെന്ന കോടതിവിധി നിലവിലിരിക്കെയാണ് യു.ജി.സിയുടെ ഈ നിലപാടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  വിദൂരപഠന രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ സംസ്ഥാനത്തടക്കം കോളജുകളിലും ഹയര്‍ സെക്കന്‍ഡറികളിലും അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. പുതിയ നിര്‍ദേശത്തോടെ എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയില്‍ ഇത്തരം ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ തയാറാകാത്ത അവസ്ഥ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - ugc direction on distance courses certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.