തിരുവനന്തപുരം: വിസ്മയപ്പെടുത്തുന്ന രീതിയിൽ യു.ഡി.എഫ് അതിന്‍റെ അടിത്തറ വിപുലമാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അത് നിയമസഭ തെരഞ്ഞടുപ്പിനോ പഞ്ചായത്ത് തെരഞ്ഞടുപ്പിനോ മുമ്പെന്ന് താൻ പറയുന്നില്ല. അവർ ഇപ്പോൾ പല പ്ലാറ്റ്ഫോമുകളിൽ നിൽക്കുന്നവരായിരിക്കും. എന്തായാലും വിസ്മയകരമായിരിക്കും വിപുലീകരണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും ചെയ്തതിന്റെ അത്ര ജോലി നിലമ്പൂരിൽ തനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല. പകുതിയോളം ജോലി ചെയ്തത് പുതിയ നേതൃനിരയാണ്. ഈ ‘ടീം യു.ഡി.എഫ്’ കേരള രാഷ്ട്രീയത്തിൽ വിസ്മയം തീർക്കാൻ പോകുന്ന കൂട്ടുകെട്ടാണ്. നല്ല വാക്കുകൾ കേൾക്കുമ്പോൾ സുഖമുണ്ട്. ആ വാക്കുകളിൽ താൻ വീഴില്ല. ഇതല്ലായിരുന്നു ജനവിധിയെങ്കിൽ തന്നെക്കുറിച്ച് എന്തായിരിക്കും പറയുന്നതെന്നാണ് ആലോചിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, പി.വി. അൻവറിന്‍റെ മുന്നണി പ്രവേശന നീക്കത്തിനെതിരെ കർശന നിലപാട് തന്നെയാണ് സതീശൻ പ്രകടിപ്പിക്കുന്നത്. വാതിലടച്ചത് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ആ വാതിൽ തുറക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
യു.ഡി.എഫ് ഉണ്ടാക്കിയത് കരുണാകരനെയും എ.കെ. ആൻറണിയെയും ഉമ്മൻ ചാണ്ടിയെയും സി.എച്ചിനെയും പോലുള്ള പ്രമുഖരാണ്. ഈ നേതാക്കളുടെയും ലക്ഷക്കണക്കിന് പ്രവർത്തകരുടെയും അഭിമാനം ആർക്കെങ്കിലും മുന്നിൽ അടിയറ വെച്ച് യു.ഡി.എഫിനെ ആരുടെയെങ്കിലും തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിനേക്കാൾ നല്ലത് ഇതങ്ങ് പിരിച്ചുവിടുന്നതാണെന്നും സതീശൻ വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശങ്ങൾ.
വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങുന്ന പ്രശ്നമില്ല. താൽക്കാലിക ലാഭത്തിനുവേണ്ടി വഴങ്ങിയാൽ എപ്പോഴും വഴങ്ങിക്കൊടുത്തു കൊണ്ടേയിരിക്കേണ്ടി വരും. രാഷ്ട്രീയം അങ്ങനെ കടുംപിടുത്തത്തിന്റെയോ വാശിയുടെയോ അല്ല എന്നറിയാം. പക്ഷേ, ചില കാര്യങ്ങളിൽ നിലപാടുകൾ ഉണ്ടാകണം. തങ്ങളാരും അൻവറിനെ ചവിട്ടി പുറത്താക്കിയതല്ല. പിണറായി സർക്കാറിനെതിരെ പ്രതിഷേധിച്ചിറങ്ങിയ ഒരാളെ യു.ഡി.എഫ് അക്കൗണ്ട് ചെയ്തില്ല എന്ന പ്രശ്നം ഉയർന്നുവരുമായിരുന്നു.
പക്ഷേ പിന്നീടുണ്ടായ കാര്യങ്ങൾ എല്ലാവർക്കും അറിയാം. തനിക്കെതിരെ എന്തെല്ലാം പറഞ്ഞു. അൻവറിനോടുള്ള നിലപാട് പറയാൻ നേതൃത്വം തന്നെ ഏൽപിച്ചതാണ്. അത് മറ്റാരുടെയും തലയിൽ കെട്ടിവെക്കാൻ പറ്റില്ലെന്നും സതീശൻ പറഞ്ഞു. ജനവിധിക്കുശേഷം പി.വി. അൻവറിനോട് കോൺഗ്രസിലെ ഒരുവിഭാഗം മൃദുസമീപനത്തിലേക്ക് മടങ്ങുമ്പോഴാണ് സതീശൻ നിലപാട് കടുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.