തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളില്‍ കലകട്റേറ്റിലേക്കും മാര്‍ച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പരിപാടികള്‍ ഉള്ളതിനാല്‍ മലപ്പുറം, വയനാട് ജില്ലകളിലെ പ്രതിഷേധം മറ്റൊരു ദിവസത്തേക്ക് മാറ്റി. മലപ്പുറത്ത് നാലിനാണ് മാര്‍ച്ച്.
എ.കെ.ജി സെന്‍ററിനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു. എ.കെ.ജി സെന്‍ററിൽ സ്‌ഫോടകവസ്തു എറിഞ്ഞത് ആരാണെന്ന് ജയരാജന് അറിയാമെന്നും ഹസൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണ്. എന്നാൽ, വയനാട്ടിൽ അടിച്ചുതകർക്കപ്പെട്ട ഓഫിസ് രാഹുൽ ഗാന്ധി സന്ദർശിക്കുന്ന സമയത്ത് സർക്കാറിനെതിരെ ജനരോഷമുയരുമെന്ന് ഭയന്ന് അതിൽനിന്ന് ശ്രദ്ധതിരിക്കാൻ നടത്തിയതാണ് ആക്രമണം. സ്വർണക്കടത്ത് കേസിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. പകരം കളവ് പറയുകയാണ്. ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും ഹസൻ പറഞ്ഞു.
എറണാകുളത്ത് എ.ഐ.സി.സി ജന.സെക്രട്ടറി ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ പി.ജെ. ജോസഫും കൊല്ലത്ത് രമേശ് ചെന്നിത്തലയും കോഴിക്കോട് ഡോ. എം.കെ. മുനീറും കാസര്‍കോട് എൻ. നെല്ലിക്കുന്നും ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലക്കാട്ട് ബെന്നി ബെഹനാനും പത്തനംതിട്ടയില്‍ സി.പി. ജോണും കണ്ണൂരിൽ രാജ്മോഹന്‍ ഉണ്ണിത്താനും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ അനൂപ് ജേക്കബ് എറണാകുളത്തും മാണി സി. കാപ്പന്‍ കോട്ടയത്തും ദേവരാജന്‍ കോഴിക്കോടും ജോണ്‍ ജോണ്‍ പാലക്കാട്ടും അഡ്വ. രാജന്‍ബാബു എറണാകുളത്തും മാര്‍ച്ചില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.