ചങ്ങനാശ്ശേരി: രണ്ട് യു.ഡി.എഫ് കൗൺസിലർമാർ കൂറുമാറിയതോടെ നഗരസഭ ചെയർപേഴ്സൻ സന്ധ്യ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കുമെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ 31 മാസത്തെ യു.ഡി.എഫ് ഭരണം അവസാനിച്ചു. 37 അംഗ കൗൺസിലിൽ 19 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. ചെയർപേഴ്സൻ ഉൾപ്പെടെ യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ചു.
മൂന്ന് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. യു.ഡി.എഫ് നൽകിയ വിപ്പ് സ്വീകരിക്കാതിരുന്ന കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17ാം വാർഡ് മെംബറുമായ രാജു ചാക്കോ, 33ാം വാർഡ് മെംബറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും സ്വതന്ത്രാംഗവുമായ ബീന ജോബിയും യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ.ഡി.എഫിന്റെ അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നു.
യു.ഡി.എഫിന് നാലു സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളും ഉണ്ടായിരുന്നു.
സന്ധ്യ മനോജിന്റെ പേരിൽ അവിശ്വാസം രേഖപ്പെടുത്താൻ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ 17 കൗൺസിൽ അംഗങ്ങളാണ് നോട്ടീസ് നൽകിയിരുന്നത്. പ്രമേയം കൃഷ്ണകുമാരി രാജശേഖരൻ അവതരിപ്പിക്കുകയും മാത്യൂസ് ജോർജ് പിന്തുണക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.