‘സുംബ ഡാൻസ് കളിക്കുന്നതു പോലെയാണ് യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകൾ’; പുതുവത്സര സമ്മാനമായി ദേശീയപാത നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി റിയാസ്

ന്യൂഡൽഹി: ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുംബ ഡാൻസ് കളിക്കുന്നതു പോലെയാണ് യു.ഡി.എഫ് നേതാക്കളുടെ ചില പ്രസ്താവനകളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയെ തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തങ്ങൾക്ക് സാധിക്കാത്തത് ആർക്കും നേടാനാകരുതെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം തകർന്നപ്പോൾ സ്വീകരിച്ചതു പോലുള്ള നടപടി എന്തുകൊണ്ട് ദേശീയപാത തകർന്നപ്പോൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ചോദിക്കുന്നതിനോടുള്ള മറുപടി എന്താണെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

“പ്രതിപക്ഷ നേതാവായാലും മറ്റ് യു.ഡി.എഫ് നേതാക്കളായാലും സാമൂഹ്യ പ്രതബദ്ധതയുള്ളവർ സ്വീകരിക്കേണ്ട നിലപാടാണോ എടുത്തതെന്ന് സ്വയംപരിശോധിക്കണം. ഇങ്ങനെയൊരു സംഭവമുണ്ടായപ്പോൾ, ദാ കിട്ടിപ്പോയി എന്ന് തോന്നുന്ന നിലയിൽ ഒരു സുംബ ഡാൻസ് കളിക്കുന്നതു പോലെയാണ് ചില പ്രസ്താവനകൾ. ഇതോടെ പദ്ധതിക്കെതിരാണ് പ്രതിപക്ഷമെന്ന അഭിപ്രായം നാട്ടിൽ വ്യാപകമാണ്. അപ്പോൾ പദ്ധതിക്കെതിരല്ലെന്ന് അവർ നിലപാട് മാറ്റുന്നു. പദ്ധതിയെ തകർക്കാനുള്ള ശ്രമമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

പ്രതിപക്ഷ നേതാവിന്‍റെ പാർട്ടി ഭരിച്ചിരുന്ന കാലത്താണ് പദ്ധതി മുടങ്ങിയത്. അന്ന് ശരിയായ നിലപാട് സ്വീകരിക്കാത്തതിന്‍റെ പിഴയടക്കുകയാണ് ജനം. ഇപ്പോൾ മുടക്കാൻ കാണിക്കുന്നതിന്‍റെ നൂറിലൊന്ന് ആർജവം കാണിച്ചിരുന്നെങ്കിൽ അന്ന് പദ്ധതി നടപ്പായേനേ. ഞങ്ങൾക്ക് സാധിക്കാത്തത് ആർക്കും നേടാനാകരുതെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതാണ് നിലപാടെങ്കിൽ ഇപ്പോഴുള്ളതിന്‍റെ പകുതി സീറ്റ് പോലും 2026ൽ ലഭിക്കില്ല” -മന്ത്രി പറഞ്ഞു.

സമയബന്ധിതമായി ദേശീയപാത നിർമാണം പൂർത്തിയാക്കുമെന്നും 2026ന്‍റെ പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിലുമുണ്ടായ തകർച്ച കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മലപ്പുറം കൂരിയാട് തകർന്ന ഭാഗം എൻ.എച്ച്.എ.ഐ പുനർനിർമിക്കും. നിർമാണത്തിലെ വീഴ്ച പരിശോധിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകി.

6000 കോടിയുടെ തിരുവനന്തപുരം ഔട്ടർ റിങ് റോഡ് ഉൾപ്പെടെ മറ്റുപല പദ്ധതികളും കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കും. ഔട്ടർ റിങ് റോഡ് പദ്ധതി ജൂലൈ അവസാനത്തോടെ തയാറാകും. കൊല്ലം -ചെങ്കോട്ട ഗ്രീൻഫീൽഡ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവാകുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത ഡിസൈനിലുൾപ്പെടെ പാളിച്ചകളുണ്ടെന്നും അഴിമതി നടന്നെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - 'UDF leaders' statements are like doing Zumba dance'; Minister PA Muhammed Riyas says national highway construction will be completed as a New Year gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.