പ്രതീകാത്മക ചിത്രം

ആവേശത്തിന്റെ, ആത്മവിശ്വാസത്തിന്റെ കൊടു മുടിയിൽ യു.​ഡി.​എ​ഫ്

തിരുവനന്തപുരം: സർക്കാറിനെതിരെ ആഞ്ഞടിച്ച ഭരണവിരുദ്ധവികാരത്തിൽ ഇടതുമുന്നണിയുടെ അടിത്തറ തകർക്കുകയും പഞ്ചായത്ത് മുതൽ കോർപറേഷനുകളിൽ വരെ ചരിത്രമേധാവിത്വം കൈയടക്കുകയും ചെയ്തതോടെ രാഷ്ട്രീയാത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ് യു.ഡി.എഫ്. ക്ഷേമാനുകൂല്യങ്ങളെ രാഷ്ട്രീയ കവചമാക്കി ജനരോഷം മറികടക്കാനും തദ്ദേശം പിടിക്കാനുമിറങ്ങിയ ഇടതുമുന്നണി, ശബരിമലയിലെ സ്വർണക്കൊള്ള മുൻനിർത്തിയുള്ള യു.ഡി.എഫിന്റെ ശക്തമായ പ്രത്യാക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞുവെന്നതാണ് ജനവിധി അടിവരയിടുന്നത്.

രാഷ്ട്രീയപാർട്ടികളുടെ കൂട്ടായ്മ എന്നതിനപ്പുറം ടീം യു.ഡി.എഫ് എന്ന വികാരത്തിൽ ഒറ്റപ്പാർട്ടിപോലെ കളം നിറഞ്ഞതിന്‍റെ ഫലം തെക്കെന്നോ മധ്യ കേരളമെന്നോ മലബാറെന്നോ വ്യത്യാസമില്ലാതെ കൊയ്തെടുക്കാനും മുന്നണിക്കായി. മുന്നൊരുക്കവും തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തതും മുതൽ മുന്നണി സംവിധാനം കൃത്യവും കാര്യക്ഷമവുമായി പ്രവർത്തിച്ചുവെന്നതുമടക്കം വിവിധ ഘടകങ്ങളാണ് വിജയത്തിന്നാധാരമായത്.

സർക്കാറിന്‍റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ കുറ്റപത്രത്തിലും ഇവ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ തയാറാക്കിയ മാനിഫെസ്റ്റോയിലും ജനം വിശ്വാസമർപ്പിച്ചതായും നേതാക്കൾ അടിവരയിടുന്നു. ഫലത്തിൽ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പുകളിലും കൈവരിച്ച രാഷ്ട്രീയാധിപത്യത്തിന്‍റെ കൃത്യവും ശക്തവുമായ തുടർച്ച തദ്ദേശപ്പോരിലും ആവർത്തിച്ചതോടെ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പതിന്മടങ്ങ് ആത്മവിശ്വാസത്തോടെ ചുവടുറപ്പിക്കുക കൂടിയാണ് യു.ഡി.എഫ്.

വിജയം ചരിത്രം, നേട്ടം ആധികാരികം

തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ യു.ഡി.എഫ് ഇതിനുമുമ്പ് ഏറ്റവും മികവാർന്ന പ്രകടനം കാഴ്ചവെച്ചത് 2010 ലാണ്. അന്ന് 50 ശതമാനത്തോളം പഞ്ചായത്തുകളാണ് യു.ഡി.എഫിനൊപ്പം ചേർന്നത്. അതേസമയം, ഇത്തവണ പഞ്ചായത്തുകളുടെ മാത്രം കണക്കെടുത്താൽ തന്നെ 60 ശതമാനത്തിലേറെ യു.ഡി.എഫിനൊപ്പമാണ്. 40-45 ശതമാനം പഞ്ചായത്തുകൾ സ്വന്തമാക്കുന്നത് സംസ്ഥാന ഭരണത്തിലേക്കുള്ള കൃത്യമായ ദിശാസൂചനയെന്ന അനൗപചാരിക വിലയിരുത്തലും യു.ഡി.എഫിന് ആഹ്ലാദം പകരുന്നു. പഞ്ചായത്തുകളിൽ മാത്രം 340ൽനിന്ന് 500ന് മുകളിലേക്കാണ് യു.ഡി.എഫിന്‍റെ കുതിപ്പ്. ബ്ലോക്കുകൾ 40 ൽ നിന്ന് 77 ആയി. ജില്ല പഞ്ചായത്തുകളിലെ ആധിപത്യം മൂന്നിൽനിന്ന് ഏഴിലേക്ക് മാറി. നഗരസഭകളിൽ 42ൽ നിന്ന് 54ലേക്കും കോർപറേഷനുകൾ ഒന്നിൽ നിന്ന് നാലിലേക്കും വർധിച്ചു.

ശക്തമായ സംഘടന സംവിധാനമുള്ള സി.പി.എമ്മുമായി താരതമ്യം ചെയ്യുമ്പോൾ താഴേത്തട്ടിൽ ദുർബലമാണെന്നത് പരസ്യമായല്ലെങ്കിലും കോൺഗ്രസ് നേതാക്കളും സമ്മതിക്കുന്ന കാര്യമാണ്. ഈ പരിമിതികളിലും പാർട്ടി സംവിധാനങ്ങളും ഭരണത്തിന്‍റെ സകല സൗകര്യങ്ങളുമായി ഇറങ്ങിയ എൽ.ഡി.എഫിനെ അട്ടിമറിക്കാനായത് കൃത്യമായ അജണ്ടയും ഒപ്പം രൂക്ഷമായ ഭരണവിരുദ്ധവികാരം വോട്ടായി മാറ്റാനുള്ള കാര്യക്ഷമമായ ഗൃഹപാഠവുമാണ്. ഇതാകട്ടെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇന്ധനമാകുമെന്നതും ഉറപ്പ്.

കളമൊരുങ്ങുന്നു, മുന്നണി വിപുലീകരണത്തിന്

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫിൽനിന്ന് കളം മാറിയ മാണി കോൺഗ്രസിന്‍റെ നിലപാട് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പ്രതിഫലിക്കുകയും മുന്നണിയെ കാര്യമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മുറിവുകൾക്ക് ഇത്തവണ പകരം ചോദിക്കാനായി എന്നതാണ് യു.ഡി.എഫിന്‍റെ മധ്യകേരളത്തിലെ പ്രധാന ആശ്വാസം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വിസ്മയകരമായ രീതിയിൽ മുന്നണി വിപുലീകരിക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പരാമർശങ്ങൾ കൂടുതൽ അർഥവത്താകുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൂടി മധ്യകേരളത്തിലെ ജനവിധി വിരൽ ചൂണ്ടുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുണ്ടായ രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തോടെ മുന്നണിയുടെ അതുവരെ തുടർന്ന മുന്നേറ്റത്തിന്‍റെ ‘മൊമന്‍റം’ പിടിച്ച് കെട്ടിയെന്നും ‘ബസ്’ നിലമ്പൂരിൽ നിന്ന് തിരിച്ച് പുതുപ്പള്ളിയിലോ തൃക്കാക്കരയിലോ ചെന്ന് നിന്നുവെന്നും മുന്നണിക്കുള്ളിൽ തന്നെ വിലയിരുത്തലുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂർധന്യാവസ്ഥയിൽ രാഹുൽ വിഷയം സി.പി.എം ആയുധമാക്കിയെങ്കിലും പരോക്ഷമായ പരിരക്ഷക്ക് പോലും തയാറാകാതെ കോൺഗ്രസ് കൈക്കൊണ്ട നടപടിയും പന്ത് സർക്കാറിന്‍റെ കോർട്ടിലേക്ക് തട്ടിയതും മുന്നണിക്ക് ഗുണം ചെയ്തു. സ്വർണക്കൊള്ളയിലേക്ക് തെരഞ്ഞെടുപ്പ് ചർച്ച വഴിമാറാതിരിക്കാൻ സി.പി.എം തരാതരം വിഷയം ഉന്നയിച്ചെങ്കിലും ജനവിധിയെ വിവാദം സ്വാധീനച്ചതേയില്ലെന്ന് ജനവിധി അടിവരയിടുന്നു.

പച്ച തൊടാതെ കാർഡ് രാഷ്ട്രീയം

ഭൂരിപക്ഷ കാർഡിറക്കി വോട്ടനുകൂലമാക്കാനുള്ള സോഷ്യൽ എൻജിനീയറിങ് നീക്കങ്ങളെ മതനിരപേക്ഷ നിലപാടിലൂന്നി പരമാവധി പ്രതിരോധിക്കാനായി എന്നതാണ് മുന്നണിയുടെ മറ്റൊരു വിലയിരുത്തൽ. അയ്യപ്പസംഗമത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സന്ദേശം വായിച്ചത് മുതൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിയെ പിന്തുണച്ചത് വരെയും എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയെ പരോക്ഷമായി പിന്തുണച്ചത് മുതൽ രാഷ്ട്രീയ ഉള്ളടക്കമുള്ള ന്യൂനപക്ഷ സംഘടനകളെ അനാവശ്യമായി പ്രശ്നവത്കരിച്ചത് വരെയും ഇതിന് തെളിവായി പ്രചാരണഘട്ടത്തിൽ തന്നെ യു.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വഴിമാറി നടത്തങ്ങളെ ജനം തിരിച്ചറിഞ്ഞ് താക്കീത് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സി.പി.എം തുടങ്ങിവെച്ച ഈ കാർഡ് രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായത് ബി.ജെ.പിയാണ്. തിരുവനന്തപുരം കോർപറേഷനിലെയടക്കം ഫലം ഇതിന് അടിവരയിടുന്നുവെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - UDF have Extreme confidence in Kerala local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.