പി.എം.എ. സലാം

എൻ.എസ്.എസുമായി യു.ഡി.എഫിന് പ്രശ്നങ്ങളില്ല; സൗഹൃദം എപ്പോഴുമുണ്ടെന്ന് മുസ്​ലിം ലീഗ്

മലപ്പുറം: സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എൻ.എസ്.എസുമായി യു.ഡി.എഫിന് സൗഹൃദം എപ്പോഴുമുണ്ടെന്നും പുതുക്കേണ്ട ആവശ്യമില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതായി എൻ.എസ്.എസ് പറഞ്ഞിട്ടില്ല. ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണിച്ചപ്പോൾ എൻ.എസ്.എസ് പ്രതിനിധി പങ്കെടുത്തതാണ്. അയ്യപ്പ സംഗമത്തിന് ശേഷം സമദൂര സിദ്ധാന്തത്തിൽ തന്നെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കാലാകാലങ്ങളിൽ ഇത്തരം സംഘടനകളുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹിക, സേവന രംഗങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളുമായി യു.ഡി.എഫ് നേതാക്കൾ സഹകരിക്കാറുണ്ടെന്നും അത് തുടരാറുമെന്നും പി.എം.എ. സലാം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് ഏകോപനത്തിന് പാർലമെന്‍ററി കമ്മിറ്റികൾക്ക് ചുമതല നൽകാൻ ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചതായും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേതൃയോഗം അവലോകനം ചെയ്തതായും പി.എം.എ. സലാം അറിയിച്ചു.

അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട്​ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള ശ്രമം യു.ഡി.എഫ് നേതൃത്വം തുടരുകയാണ്. കഴിഞ്ഞ ദിവസം കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, പി.ജെ. കുര്യൻ, കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ പെരുന്നയിലെത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.

എൻ.എസ്​.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ആവർത്തിക്കുന്നതിനിടെയാണ്​ നേതാക്കളുടെ സന്ദർശനം. കോൺഗ്രസ്​ നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു കൂടിക്കാഴ്ചയെന്നാണ്​ വിവരം. സുകുമാരൻ നായരുമായി ചർച്ച നടത്തിയ തിരുവഞ്ചൂർ വിശദാംശം വ്യക്​തമാക്കാൻ തയാറായില്ല.

ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടിനെ ബഹുമാനത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം, അനുനയ നീക്കങ്ങളുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരൻ നായർ തന്‍റെ നീരസം അറിയിച്ചതായാണ്​ വിവരം. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചനയില്ലെന്ന പരാതി അദ്ദേഹം ഉന്നയിച്ചതായും അറിയുന്നു.

Tags:    
News Summary - UDF has no problems with NSS - Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.