മലപ്പുറം: ജില്ലയിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ കടുത്ത മത്സരം നടക്കുന്നത് പൊന്നാനിയിലും തവനൂരിലും മാത്രം. ബാക്കി 14 ലും യു.ഡി.എഫിന് വ്യക്തമായ മേൽകൈയുണ്ട്. രണ്ട് പതിറ്റാണ്ടായി സി.പി.എം കോട്ടയാണ് പൊന്നാനി. വഖഫ് ബോർഡ് മുൻ ചെയർമാൻ എം.കെ സക്കീറിലൂടെ മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് കഠിനാധ്വാനം ചെയ്യുമ്പോൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി നൗഷാദലിയിലൂടെ അട്ടിമറി പ്രതീക്ഷിക്കുകയാണ് യു.ഡി.എഫ്.
മുൻ മന്ത്രിയും ഇടതു സ്വതന്ത്രനുമായ ഡോ. കെ.ടി ജലീലും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും കൊമ്പ് കോർക്കുന്ന തവനൂരിൽ ഇടത് കേന്ദ്രങ്ങളിലാണ് ആശങ്ക. 2021ൽ ജലീലിന്റെ ഭൂരിപക്ഷം 2564 വോട്ട് മാത്രമാണ് എന്നതാണ് കാരണം.
വെറും 38 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച പെരിന്തൽമണ്ണയിൽ, ഇത്തവണ ഇരുപക്ഷവും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. തദ്ദേശത്തിലെ മേൽകൈ നജീബ് കാന്തപുരത്തിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. സിറ്റിങ് എം.എൽ.എ ലീഗിലെ കുറുക്കോളി മൊയ്തീനെതിരെ, മന്ത്രി വി. അബ്ദുറഹിമാൻ മത്സരിക്കുന്ന തിരൂരിൽ, വോട്ടുറപ്പിക്കാൻ ഇരുപക്ഷവും കഠിന പരിശ്രമത്തിലാണ്. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിടിച്ച നിലമ്പൂരിലും എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ താനൂരിലും യു.ഡി.എഫ് ഒരുചുവട് മുൻപിൽതന്നെ. മങ്കടയിൽ ലീഗിലെ മഞ്ഞളാംകുഴി അലിക്കെതിരെ, എൽ.ഡി.എഫ് പിന്തുണയോടെ, മത്സരിക്കുന്ന ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് ലീഗ് വോട്ടുകൾ ഇളക്കുമോയെന്ന് കണ്ടറിയണം. വേങ്ങരയിൽ ഇടത് സ്വതന്ത്രൻ സബാഹ് കുണ്ടുപുഴക്കലിന്റെ അടിത്തട്ടിലിറങ്ങിയുള്ള പ്രചാരണത്തെ അതേ നാണയത്തിലാണ് ലീഗിലെ കെ.എം. ഷാജി നേരിടുന്നത്.
വണ്ടൂരിൽ ആറാംതവണ മത്സരിക്കുന്ന എ.പി അനിൽകുമാറിന് എതിർ ഘടകങ്ങളുണ്ടെങ്കിലും യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീഴാൻ സാധ്യതയില്ല. മഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന് തുടങ്ങിയ ലീഗ് മണ്ഡലങ്ങളിൽ കാര്യമായ ഇളക്കം സൃഷ്ടിക്കാൻ ഇടതിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.