കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ മറിഞ്ഞ ലൈബീരിയൻ ചരക്ക് കപ്പലായ എം.എസ്.സി എൽസ, കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പലായ വാൻഹായ് 503
കൊച്ചി: രണ്ടാഴ്ചക്കിടെ കേരളതീരത്തിനു സമീപം രണ്ട് കപ്പൽ അപകടങ്ങൾ. രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയത് തീര-നാവിക സേനയെങ്കിലും രീതികൾ രണ്ട്. രണ്ട് അപകടങ്ങളും വ്യത്യസ്തം. മെയ് 24ന് കൊച്ചി തീരത്ത് നിന്നും തെക്ക് പടിഞ്ഞാറൻ ദിശയിൽ 38 നോട്ടിക്കൽ മൈൽ അകലെയാണ് ലൈബീരിയൻ ചരക്ക് കപ്പലായ എം.എസ്.സി എൽസ ഒരു വശത്തേക്ക് ചെരിഞ്ഞത്.
കപ്പൽ അപകടത്തിൽ പെടുകയാണെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടുള്ള സന്ദേശം എത്തിയ ഉടൻ കോസ്റ്റ്ഗാർഡും നാവികസേനയും നിമിഷങ്ങൾക്കകം കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടം നടന്ന ശനിയാഴ്ചയും കപ്പൽ പൂർണമായും മുങ്ങിയ ഞായറാഴ്ചയിലുമായി കപ്പലിലുള്ള 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.
കപ്പൽ പതിയെ പതിയെ ചെരിയുകയും മണിക്കൂറുകൾക്കകം പൂർണമായും മുങ്ങുകയും ചെയ്തതിനാൽ അതിലെ കണ്ടെയ്നറുകൾ വീണ്ടെടുക്കൽ അസാധ്യമായിരുന്നു.
തിങ്കളാഴ്ച രാവിലെ അപകടത്തിൽ പെട്ട സിംഗപ്പൂർ കപ്പലിലെ കണ്ടെയ്നറുകളിൽ സ്ഫോടനമുണ്ടാകുകയും വൻ തീപിടിത്തമുണ്ടാവുകയും ചെയ്തതോടെ രക്ഷാപ്രവർത്തനം ഏറെ ദുഷ്ക്കരമായി. തീയണക്കുന്നതും കാണാതായ നാലുപേരെ കണ്ടെത്തുന്നതും ഒരുപോലെ പ്രാധാന്യമുള്ള ദൗത്യമായതിനാൽ കൊച്ചിയിലെ കപ്പൽ അപകടത്തിന്റെ രക്ഷാപ്രവർത്തനത്തേക്കാൾ സാഹസികവും സങ്കീർണവുമായി അഴീക്കലിലേത്.
അന്നത്തെ അപകടത്തിൽ ആദ്യ മണിക്കൂറുകളിൽ കണ്ടെയ്നറുകൾ വീണ്ടെടുക്കലിനെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പുതിയ അപകടത്തിൽ ജീവൻരക്ഷക്കും തീയണക്കലിനും തന്നെയാണ് മുഖ്യ പരിഗണന. കണ്ടെയ്നറുകൾ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.