മരിച്ച റീഷ, പ്രജിത്ത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചപ്പോൾ
കണ്ണൂർ: ആശുപത്രിയിലേക്കു വരവെ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിക്കും ഭർത്താവിനും ദാരുണാന്ത്യം. കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ ടി.വി. പ്രജിത്ത് (35), ഭാര്യ കെ. റീഷ (25) എന്നിവരാണ് മരിച്ചത്.
മകളുടെയും മാതാപിതാക്കളുടെയും മുന്നിലാണ് ഇരുവരും വെന്തുമരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ല ആശുപത്രിക്കു സമീപം വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം.
പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപിടിച്ചത്. റീഷയുടെ മകൾ ശ്രീപാർവതി, മാതാപിതാക്കളായ കുഴിക്കൽ വിശ്വനാഥൻ, ശോഭന, ബന്ധു സജന എന്നിവരടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. റീഷയും പ്രജിത്തുമായിരുന്നു മുൻസീറ്റിലുണ്ടായിരുന്നത്.
ജില്ല ആശുപത്രിക്ക് 100 മീറ്റർ അകലെവെച്ചാണ് കാറിന് തീപിടിച്ചത്. സ്റ്റിയറിങ് ബോക്സിൽനിന്നാണ് ആദ്യം പുകയുയർന്നത്. തുടർന്ന് പ്രജിത്ത് പിൻസീറ്റിലുണ്ടായിരുന്നവരെ പുറത്തിറക്കി ഭാര്യയോടൊപ്പം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാനാകാതെ കാറിൽ കുടുങ്ങി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് കാർ ആളിക്കത്തുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ ആദ്യം സാധിച്ചുള്ളൂ. കാറിനടുത്തേക്ക് എത്താൻ ശ്രമിച്ചവർക്ക് ചൂട് കാരണം അടുക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ഫയർസ്റ്റേഷനിൽനിന്ന് ജീവനക്കാരെത്തി തീയണക്കുമ്പേഴേക്കും ഇരുവരും മരിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാൽ മണിയച്ചാലിൽ താമരവളപ്പിൽ പരേതനായ ഗോപാലൻ-കൗസല്യ ദമ്പതികളുടെ മകനാണ് നിർമാണ കരാറുകാരനായ പ്രജിത്ത്.
കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ശ്രീപാർവതിയാണ് ഏക മകൾ. സഹോദരങ്ങൾ: പ്രമോദൻ, പ്രശാന്ത്, പ്രസന്ന, പരേതനായ പ്രദീപൻ.
പ്രജിഷയാണ് റീഷയുടെ ഏക സഹോദരി. കണ്ണൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം വൈകീട്ട് കുറ്റ്യാട്ടൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.