കൊല്ലം: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിൽനിന്ന് പടിയിറങ്ങുന്നത് സംഘടനയുടെ ആസ്ഥാനംതന്നെ ജപ്തിയിലാക്കിക്കൊണ്ട്. പിന്നാക്ക വിഭാഗ കോർപറേഷൻ നൽകിയ കേസിലാണ് കൊല്ലത്തെ എസ്.എൻ.ഡി.പി യോഗം കേന്ദ്ര ഓഫിസ് ജപ്തിയിലായത്. 15.85 കോടിരൂപയാണ് മൂന്ന് ശതമാനം പലിശക്ക് കോർപറേഷൻ നൽകിയത്. ഇത് 2775 സംഘങ്ങളുടെ പേരിലാണ് എടുത്തത്. ഇവയെല്ലാം വ്യാജ സംഘങ്ങളാണെന്ന് ആരോപണമുണ്ട്. ഇതിൽ കോർപറേഷൻ നൽകിയ 4.5 കോടി വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് 2017ൽ എസ്.എൻ.ഡി.പി ആസ്ഥാനം ജപ്തിചെയ്തത്. ജപ്തിയുടെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. വായ്പയിലെ ബാക്കി തുക സംബന്ധിച്ചും കേസുകളുണ്ട്.
പിന്നാക്ക വിഭാഗം കോർപറേഷൻ നൽകിയ പണം മൈക്രോഫിനാൻസിലൂടെ കൂടുതൽ പലിശക്ക് മറിച്ചുനൽകി തട്ടിപ്പുനടത്തിയെന്നാണ് കേസ്. മൈക്രോ തട്ടിപ്പുമായി ബന്ധപെട്ടുമാത്രം വെള്ളാപ്പള്ളിക്കെതിരെ 124 കേസുകൾ വിജിലൻസ് അന്വേഷണപരിധിയിലുണ്ട്. ഇതിൽ ശബരിമല സ്വർണക്കൊള്ളകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവൻ ശശിധരന്‍റെ നേതൃത്വത്തിൽ 21 കേസുകൾ അന്വേഷിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാർ ഇടപെടലിനെത്തുടർന്ന് കുറ്റപത്രം സമർപ്പിക്കാതെ കേസ് നീളുകയാണ്. വിവിധ ബാങ്കുകളിൽനിന്ന് സമാഹരിച്ച 15,000 കോടി രൂപ ഇരട്ടിയിലധികം പലിശ വാങ്ങി മൈക്രോഫിനാൻസിലൂടെ യൂനിയൻ അംഗങ്ങൾക്ക് നൽകിയതിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
ഈ പണം ഉപയോഗിച്ച് യൂനിയനുകൾ വസ്തുവാങ്ങിയതടക്കം കേസിൽപെട്ടിട്ടുണ്ട്. മാവേലിക്കരയിൽ കോളജിനായി സ്ഥലം വാങ്ങിയത് അംഗങ്ങളുടെ പേരിലെടുത്ത പണംകൊണ്ടാണെന്ന് പരാതിയുണ്ട്. അംഗങ്ങളുടെ പേരിൽ എടുത്ത വായ്പ കാലവധിക്ക് മുമ്പ് തിരിച്ചുവാങ്ങുകയും അത് ബാങ്കിൽ അടക്കാത്തതിനാൽ അംഗങ്ങൾ പലിശക്കെണിയിൽപെട്ടതായും ആക്ഷേപമുയർന്നിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്‍റെയും ട്രസ്റ്റിന്‍റെയും ആസ്തികൾ പലതും വിറ്റതായി എസ്.എൻ.ഡി.പി സംരക്ഷണസമിതി ആരോപിച്ചിരുന്നു. ഇപ്പോഴത്തെ ഹൈകോടതിവിധി, എസ്.എൻ.ഡി.പി നോൺ ട്രേഡിങ് കമ്പനിയുടെ പേരിൽ പ്രവർത്തിക്കുന്നതിന് പകരം കമ്പനി നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നെന്ന് കാട്ടിയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.