ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകിയാണ് മുതിർന്ന നേതാവ് ജി. സുധാകരന്‍റെ പടിയിറക്കം. 63 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നത് തടയാൻ സി.പി.എം നേതാക്കൾ കൂട്ടത്തോടെ നടത്തിയ അനുനയ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. ആലപ്പുഴയിലെ സി.പി.എം എക്കാലവും കടന്നുപോയത് ഇത്തരം വിഭാഗീയതയിലൂടെയാണ്. അതിനൊക്കെ ഇരയായത് വി.എസ്. അടക്കമുള്ള പ്രമുഖ നേതാക്കളും. ഓരോ തെരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുമുള്ള അവസരമായിരുന്നു.
പിണറായി വിജയന് തുടർഭരണം കിട്ടിയെങ്കിലും അമ്പലപ്പുഴ മണ്ഡലത്തിലെ ‘തോൽവി’ പഠിക്കാൻ എളമരം കരീമിന്‍റെ നേതൃത്വത്തിൽ കമീഷൻ എത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. എച്ച്. സലാം എം.എൽ.എയുടെ പരാതിയിലായിരുന്നു അന്ന് നടപടി നേരിട്ടത്. വോട്ടുകുറവ് സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഉണ്ടായി. എന്നാൽ, ഏറ്റവും മികച്ച പ്രതിച്ഛായയുള്ള സുധാകരനെതിരെ മാത്രമാണ് അന്വേഷണം നടന്നത്. 22 ആരോപണങ്ങളാണ് നിരത്തിയത്. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ പേരെടുത്ത് കുറ്റപ്പെടുത്തിയത് സുധാകരനെ മാത്രമാണ്. ആലപ്പുഴയുടെ വിഭാഗീയ രാഷ്ട്രീയത്തിന് ഇതിനേക്കാൾ നല്ല തെളിവ് വേറെയില്ല.
2021ലെ നടപടി രേഖ കഴിഞ്ഞ വർഷമാണ് പുറത്തുവന്നത്. ഇത് പാർട്ടിയിലെ എതിരാളികൾ അപമാനിക്കാൻ ചെയ്തതാണെന്ന വിമശനമുയർന്നു. വി.എസ്. അച്യുതാനന്ദന്‍റെ മരണശേഷം നടന്ന പുന്നപ്ര-വയലാർ വാർഷിക പരിപാടിയിൽനിന്ന് സുധാകരനെ ഒഴിവാക്കിയിരുന്നു. അന്ന് സുധാകരൻ ഏകനായി രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത് വലിയ വാർത്തയായിരുന്നു. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റ് തിരുത്തിയെന്ന സുധാകരന്‍റെ പ്രസംഗം വിവാദമായപ്പോൾ ജില്ല നേതൃത്വം രൂക്ഷമായാണ് പ്രതികരിച്ചത്. പിന്നീടത് കേസായപ്പോഴും ഒറ്റക്കാണ് അതിനെ നേരിട്ടത്. ഇതിനൊപ്പം ഫേസ്ബുക്കിൽ നിരന്തരം സുധാകരനെ അപമാനിച്ചിട്ടും ജില്ല നേതൃത്വം ചെറുവിരൽ അനക്കിയില്ല.
ഒരുകാലത്ത് വി.എസ്. ആയിരുന്നു ഗ്രൂപ് രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദു. 1996ൽ അമ്പലപ്പുഴയിലെ വീട്ടിൽ വാക്കുകൾ കിട്ടാതെ ഇരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആരും മറക്കില്ല. മാരാരിക്കുളം പോലെ ഉറച്ച സി.പി.എം മണ്ഡലത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ്. പരാജിതനായി. പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി 1994ൽ കേരളത്തിന്‍റെ വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയും 1997ൽ ടി.ജെ. ആഞ്ചലോസും പാർട്ടി വിട്ടപ്പോഴും കടുത്ത വിഭാഗീയത തലപൊക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.