തിരുവനന്തപുരം: സി.പി.എമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണക്കാൻ യു.ഡി.എഫിൽ ധാരണ. നിലപാട് പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും നേതാക്കൾ പൊതുവേ ഇക്കാര്യത്തിൽ ഏക സ്വരത്തിലാണ്. അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്താതെ സുധാകരനെ പിന്തുണക്കുന്നതിലേക്കാണ് കോൺഗ്രസിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
ഘടകകക്ഷികൾക്കിടയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ആശയവിനിമയം നടന്നു. സി.പി.എമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ ഇതിലും നല്ല അവസരമില്ലെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കും അനുകൂല നിലപാടാണുള്ളത്. അമ്പലപ്പുഴയിൽ കോൺഗ്രസിന്‍റെ സാധ്യതാപട്ടികയിലുള്ളത് എം. ലിജുവിന്‍റെ പേരാണ്. ജി. സുധാകരന്‍റെ നീക്കങ്ങൾ മുന്നിൽകണ്ട്, അമ്പലപ്പുഴക്ക് പുറമേ ഉടുമ്പൻചോലയിലും തൃപ്പൂണിത്തുറയിലും ലിജുവിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
സി.പി.എമ്മിലെ ഒരുവിഭാഗം അണികൾ ഇപ്പോഴും സുധാകരനോട് അനുഭാവം പുലർത്തുന്നവരാണ്. ഔദ്യോഗിക നേതൃത്വത്തോട് എതിർപ്പുള്ള ഈ വോട്ടുകൾ സുധാകരനിലേക്കെത്തുമാണ് യു.ഡി.എഫ് വിലയിരുത്തൽ. സുധാകരൻ സ്വതന്ത്രനായി നിൽക്കുമ്പോൾ ജില്ലയിലെ സി.പി.എം മെഷിനറിയിലുണ്ടാകുന്ന ആശയക്കുഴപ്പം മുതലെടുക്കാമെന്ന് കോൺഗ്രസ് കരുതുന്നു.
സംശുദ്ധ രാഷ്ട്രീയ പ്രതിഛായയുള്ള സി.പി.എമ്മിന്റെ മുതിർന്ന നേതാവിനുപോലും ഇടതുഭരണത്തെ ഉൾക്കൊള്ളാനാകുന്നില്ലെന്ന പ്രചാരണമാണ് കോൺഗ്രസ് ക്യാമ്പുകളിൽനിന്നുള്ളത്. ഇതാകട്ടെ നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കും. ആറ് പതിറ്റാണ്ടിലേറെക്കാലം പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച, മൂന്നുതവണ അമ്പലപ്പുഴയെ പ്രതിനിധീകരിച്ച, മുൻ പൊതുമരാമത്ത് മന്ത്രികൂടിയായ നേതാവ് പാർട്ടിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത് വ്യക്തിപരമായ തീരുമാനത്തിനപ്പുറം സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിലെ ആഴത്തിലുള്ള വിള്ളലുകളുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് കോൺഗ്രസ് മുതലാക്കാൻ ശ്രമിക്കുന്നത്.
ആലപ്പുഴ: ജി. സുധാകരൻ എന്ന കേന്ദ്രബിന്ദുവിന് ചുറ്റുമായിരുന്നു ഒരുകാലത്ത് ആലപ്പുഴയിൽ സി.പി.എമ്മിന്‍റെ ചലനം. അഴിമതിക്കറ പുരളാത്ത പ്രതിച്ഛായ സുധാകരനെ ജനകീയനാക്കി. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ് ജി. സുധാകരൻ കമ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുന്നത്. 1967ൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭ അധികാരമേൽക്കുന്ന കാലത്ത് പാർട്ടി അംഗമായി. എസ്.എഫ്.ഐയുടെ പൂർവ രൂപമായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (കെ.എസ്.എഫ്) സംസ്ഥാന ജോയന്‍റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. പിന്നീട് എസ്.എഫ്.ഐ രൂപവത്കരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്‍റായി. അടിയന്തരാവസ്ഥക്കെതിരെ സമരങ്ങളിൽ പങ്കെടുത്ത് ജയിലിൽ പോയി.
പന്തളം എൻ.എസ്.എസ് കോളജിലുണ്ടായ വിദ്യാർഥി സംഘർഷത്തിനിടയിൽ 1977 ഡിസംബർ ഏഴിന് സുധാകരന്റെ സഹോദരൻ ഭുവനേശ്വരൻ രക്തസാക്ഷിയായി. പാർട്ടിക്കു വേണ്ടിയായി ജി. സുധാകരന്റെ പിന്നീടുള്ള ജീവിതം. സി.ഐ.ടി.യുവിലും സജീവമായി പ്രവർത്തിച്ചു. 1982ൽ കുട്ടനാട്ടിൽനിന്ന് ആദ്യമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 ലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് ആലപ്പുഴ ജില്ല കൗൺസിൽ പ്രസിഡന്റായി. 1987ൽ അമ്പലപ്പുഴയിൽ പരാജയപ്പെട്ടു. പിന്നീട് 1996ൽ കായംകുളത്തുനിന്ന് നിയമസഭയിലെത്തി. 2001ൽ കായംകുളത്ത് പരാജയപ്പെട്ടു. 2006, 2011, 2016 വർഷങ്ങളിൽ അമ്പലപ്പുഴ എം.എൽ.എയായി. ഏഴ് തവണയാണ് നിയമസഭയിലേക്ക് മത്സരിച്ചത്. നാലുതവണ ജയിച്ചു. രണ്ട് തവണ മന്ത്രിയായി. 2006ൽ വി.എസ്. മന്ത്രിസഭയിൽ ദേവസ്വം, സഹകരണം, കയർ വകുപ്പുകളുടെയും 2016 ൽ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുകളുടെയും മന്ത്രിയായി. മികച്ച മന്ത്രിയെന്ന പേരോടെ ജനങ്ങൾക്കിടയിൽ സ്വീകാര്യനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയറ്റംഗം, ജില്ല സെക്രട്ടറി, സി.ഐ.ടി.യു ജില്ല പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഫിനാൻസ് കമ്മിറ്റി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.