ആലപ്പുഴ: കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.എ. ഷുക്കൂർ. ആലപ്പുഴയിൽ സീറ്റ് നൽകിയില്ലെങ്കിൽ ചിലതൊക്കെ തുറന്നു പറയാനുണ്ടെന്ന് ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പാർട്ടി അവഗണിക്കാൻ സാധ്യത ഇല്ലെന്നും അവഗണിച്ചാൽ അതിന് ചില കാരണക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഉയർന്നു കേട്ട പേര് ഷുക്കൂറിന്‍റേതാണ്. സി.പി.എമ്മിനോട് ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സുധാകരൻ മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണ നൽകാൻ സാധ്യതയുണ്ട്. അമ്പലപ്പുഴ അല്ലെങ്കിൽ ആലപ്പുഴ മണ്ഡലം തനിക്ക് നൽകണമെന്നാണ് നിലവിൽ ഷുക്കൂർ ആവശ്യപ്പെടുന്നത്.
തന്‍റെ അവസാന അവസരമാണെന്നും 70 വയസ് കഴിഞ്ഞാൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ അവസരം ലഭിക്കുമെന്നാണ് വിശ്വാസം. ആലപ്പുഴക്ക് പകരം മറ്റൊരു മണ്ഡലമാണ് പാർട്ടി നൽകുന്നതെങ്കിലും താൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥി പട്ടിക വന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2011ന് ശേഷം തനിക്ക് അവസരം നൽകാത്തതിൽ വിഷമമുണ്ടെന്നും താൻ 24 മണിക്കൂറും പണിയെടുക്കുന്ന പാർട്ടി പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടി അണികൾക്കും നേതൃത്വത്തിനും അറിയാം. നേതൃത്വം അവഗണിക്കും എന്ന് വിചാരിക്കുന്നില്ലെന്നും ഇതിനെക്കുറിച്ച് മുതിർന്ന നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും ഷുക്കൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.