തിരുവനന്തപുരം: വഴിതെറ്റുന്ന സംഘടനാ ശൈലികൾക്ക് മുന്നിൽ കറപുരളാത്ത വ്യക്തിമൂല്യങ്ങൾ മുറുകെപ്പിടിച്ചാണ് പാർട്ടിയുമായി ആറര പതിറ്റാണ്ടോളം നീണ്ട ജൈവബന്ധം അറുത്തുമാറ്റി ജി. സുധാകരൻ പുതിയ സമരവഴിയിലേക്ക് നടന്നിറങ്ങുന്നത്. ഇണങ്ങിയും പിണങ്ങിയും പാർട്ടി ചട്ടക്കൂടുകൾക്ക് കീഴൊതുങ്ങുമ്പോഴും നിലപാടുകളുടെ കരുത്തും സ്വന്തമായ ശൈലിയുമായിരുന്നു സുധാകരന്‍റെ മുഖമുദ്ര.
ഒരു പക്ഷേ ഇവ രണ്ടുമാണ് പാർട്ടിയുമായുള്ള വേർപിരിയലിന് കാരണമായതും. ചുവപ്പ് കോട്ടക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ചുവപ്പുനാടകൾക്കെതിരെ കലഹിച്ച ചരിത്രമാണ് സുധാകരന്‍റേത്. 1967ലാണ് സി.പി.എമ്മിൽ അംഗമാകുന്നത്. നിലവിലെ സി.പി.എം ജനറൽ സെക്രട്ടറി എം.എം ബേബിക്ക് എസ്.എഫ്.ഐ അംഗത്വം നൽകിയത് ആദ്യ സംസ്ഥാന പ്രസിഡന്‍റായിരുന്ന ജി. സുധാകരനാണെങ്കിലും, 40 വർഷത്തോളം സി.പി.എം സംസ്ഥാന കമ്മിറ്റിയിലുണ്ടായിട്ടും ഒരുവട്ടം പോലും സെക്രട്ടേറിയറ്റിൽ എത്തിയില്ല. സുധാകരൻ എസ്.എഫ്.ഐ ഭാരവാഹിയായിരിക്കെ ബാലസംഘത്തിൽ പോലുമെത്താതിരുന്നവർ സെക്രട്ടേറിയറ്റിലെത്തിയിട്ടും സുധാകരന് പരിഭവമുണ്ടായില്ല. 1975ൽ അടിയന്തരാവസ്ഥക്കെതിരെ തലസ്ഥാനത്ത് പ്രകടനം നടത്തിയതിന് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. അന്ന് പൊലീസ് മർദനത്തിനിടെ വാച്ച് പൊട്ടിയതിന് ശേഷം ഇതുവരെ വാച്ച് കെട്ടിയിട്ടില്ല.
പോരാളി, ഭരണാധികാരി, കവി...
ആറര പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സി.പി.എം ജീവിതം കേവല പാർട്ടി പ്രവർത്തകന്റേതല്ല, മറിച്ച് പോരാളിയുടെയും ഭരണാധികാരിയുടെയും കവിയുടേതുമെല്ലാമായ വേഷപ്പകർച്ചകളുടേത് കൂടിയാണ്. പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, ജില്ലയിൽ കാർഷിക തൊഴിലാളികളെയും കയർ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.
1996ലാണ് ജി. സുധാകരൻ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കായംകുളം മണ്ഡലത്തിൽ നിന്നായിരുന്നു വിജയം. എന്നാൽ 2001ൽ ഇതേ മണ്ഡലത്തിൽ പരാജയപ്പെട്ടു. ഇതിനു പിന്നിൽ പാർട്ടിയിലെ തന്നെ ചിലരുടെ ‘കാലുവാരൽ’ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. തുടർന്ന് 2006ൽ അമ്പലപ്പുഴ മണ്ഡലത്തിലേക്ക് മാറിയ അദ്ദേഹം 2006, 2011, 2016 വർഷങ്ങളിൽ തുടർച്ചയായി വിജയിച്ചു. 2006-2011 കാലയളവിൽ ദേവസ്വം മന്ത്രിയായിരിക്കെ ക്ഷേത്രങ്ങളിലെ പൂജാരിമാരായി ബ്രാഹ്മണരല്ലാത്തവരെയും ദലിതരെയും നിയമിക്കാനുള്ള ധീരമായ തീരുമാനം ‘നിശബ്ദ വിപ്ലവം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2016-2021 കാലയളവിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ശബരിമലയിൽ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോൾ, തന്ത്രിയെ സുധാകരൻ ‘ബ്രാഹ്മണ രാക്ഷസൻ’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഒൻപത് കവിതാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യം വി.എസിനൊപ്പം
ദീർഘകാലം വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന സുധാകരൻ, പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തോടൊപ്പം ഉറച്ചുനിന്നു. എങ്കിലും ആലപ്പുഴയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടർന്നിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, സുധാകരൻ എച്ച്. സലാമിനെ സഹായിച്ചില്ലെന്നും പ്രചാരണത്തിൽ നിർജീവമായെന്നുമുള്ള പരാതി സംഘടനപരമായി സുധാകരനെ പ്രതിസന്ധിയിലാക്കി. പരാതി അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയോഗിച്ചു. താൻ 19 പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തുവെന്നും സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആത്മാർഥമായി ശ്രമിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഇത് തള്ളി, 2021 നവംബറിൽ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഇത് സുധാകരനെ മാനസികമായി തളർത്തുകയും പതുക്കെ പാർട്ടി വേദികളിൽ നിന്ന് അകറ്റുകയും ചെയ്തു.
പ്രായപരിധിയിൽ വെട്ടി..
2022ൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന് പിന്നാലെ നടന്ന സംസ്ഥാന സമ്മേളനത്തിൽ, 75 വയസ് എന്ന പ്രായപരിധി നിശ്ചയിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. 2025ഓടെ ജി. സുധാകരനും പാർട്ടി നേതൃത്വവും തമ്മിലെ ബന്ധം കൂടുതൽ വഷളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.