തിരുവനന്തപുരം: ക്രമക്കേട് ആരോപണം ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി നടത്തിയ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നീക്കം. നിലവിലെ മൂന്ന് പരീക്ഷക്ക് പുറമെ ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പി.എസ്.സിയോട് തേടിയതായാണ് വിവരം. പിന്നാക്ക വികസന കോർപറേഷൻ പ്രോജക്ട് അസിസ്റ്റന്റ് നിയമത്തിന്‍റെ വിവരങ്ങളാണ് തേടിയതത്രെ. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പി.എസ്.സി കൈമാറുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
ആവശ്യമുള്ള വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് സ്വന്തംനിലക്ക് കണ്ടെത്തണമെന്ന നിലപാടിലാണ് പി.എസ്.സി. അതിനിടെ പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി നിയോഗിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണ പുരോഗതി എസ്.പി കഴിഞ്ഞദിവസം ചേർന്ന പി.എസ്.സി യോഗത്തിൽ വീശദീകരിച്ചതായി അറിയുന്നു. എസ്.ഐ.ടി ചൊവ്വാഴ്ചയും പി.എസ്.സി ആസ്ഥാനത്തെ ഓൺസ്ക്രീൻ മാർക്കിങ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചു.
പരീക്ഷ മൂല്യനിർണയം സംബന്ധിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് വീണ്ടും പരിശോധന നടത്തിയത്. ആസൂത്രണ ബോർഡ് നിയമനത്തിലാണ് ക്രമക്കേട് ആരോപണം ആദ്യം ഉയർന്നതെങ്കിലും ഇപ്പോൾ 15 ഓളം വകുപ്പുകളുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷകളിൽ ക്രമക്കേടുണായെന്ന് എസ്.ഐ.ടിക്ക് പരാതികൾ ലഭിച്ചു. വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോക്കും സമാന പരാതികൾ ലഭിച്ചിരുന്നു.
ഇതിൽ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കാറിന്‍റെ അനുമതി തേടാനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു. അതുൾപ്പെടെ മൂന്ന് വകുപ്പുകളിലെ അന്വേഷണമാണ് പുരോഗമിക്കുന്നത്. മറ്റ് പരാതികളിലും അന്വേഷണം നടത്താൻ എസ്.ഐ.ടി സർക്കാറിന്‍റെ അനുമതി തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.