കിഴക്കമ്പലം (കൊച്ചി): സംസ്ഥാനത്തെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് ട്വന്റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ്. കൊച്ചി കോർപറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും മത്സരിക്കും.
ട്വിന്‍റി20ക്ക് 1600 സ്ഥാനാർഥികൾ രംഗത്തുണ്ടാകും. കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർഥികളും സ്ത്രീകളായിരിക്കും. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം അടക്കം ഏഴ് ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി20 മത്സരിക്കും. ഇവരിൽ 80 ശതമാനം സ്ഥാനാർഥികളും സ്ത്രീകളായിരിക്കുമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
ഡിസംബര്‍ ഒമ്പത്,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ മൂന്ന് ഘട്ടമായിരുന്നു. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജാഹാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മട്ടന്നൂരിലെ ഭരണകാലാവധി അവസാനിക്കുന്നത് 2027ലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന 14 മുതല്‍ സ്ഥാനാർഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ നൽകാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21.
തദ്ദേശ സ്ഥാപനങ്ങളിൽ 21,900 വാർഡുകൾ ഉണ്ടായിരുന്നത് വിഭജനത്തിനുശേഷം 23,612 ആയി വർധിച്ചു. ഇതിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 36 വാർഡുകൾ ഒഴികെ 23,576 വാർഡുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.