ട്വൻറി20 മുന്നേറ്റം; പഞ്ചായത്തുകളിൽ കോൺഗ്രസിന് വൻ വോട്ടുചോർച്ച

കോലഞ്ചേരി: ട്വൻറി20 മുന്നേറ്റത്തിൽ കോൺഗ്രസിന് വൻ വോട്ടുചോർച്ച. രണ്ട് പതിറ്റാണ്ടായി കോൺഗ്രസ് കുത്തകയാക്കിയ കുന്നത്തുനാട്ടിലും ഒരു പതിറ്റാണ്ടായി കോൺഗ്രസ് ഭരിക്കുന്ന മഴുവന്നൂരും പാർട്ടിക്ക് ശക്തിയുള്ള ഐക്കരനാടുമെല്ലാം വൻ തോതിലാണ് വോട്ടുചോർച്ച ഉണ്ടായത്. 14 വാർഡുള്ള ഐക്കരനാട് പഞ്ചായത്തിൽ 12 വാർഡിലും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. കടയിരുപ്പ്, പാറേപ്പീടിക വാർഡുകളിൽ മാത്രമാണ് രണ്ടാം സ്ഥാനത്തെത്തിയത്.

വി.പി. സജീന്ദ്രൻ എം.എൽ.എയുടെ വാർഡായ പെരിങ്ങോളിലും പാർട്ടി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.

മഴുവന്നൂരിൽ നാല് വാർഡിൽ മൂന്നാം സ്ഥാനത്തായ പാർട്ടി വീട്ടൂർ വാർഡിൽ അഞ്ചാം സ്ഥാനത്താണ്. ഒരു പതിറ്റാണ്ട്​ ഭരിച്ച ഇവിടെ ഒരു വാർഡ് മാത്രമാണ് ലഭിച്ചത്. പഞ്ചായത്തിൽ നാല് വാർഡിൽ വിജയിച്ച സി.പി.എം ഒമ്പത്​ വാർഡിൽ രണ്ടാം സ്ഥാനത്താണ്.

സി.പി.എം-സി.പി.ഐ സൗഹൃദമത്സരം നടന്ന വീട്ടൂരിൽ സി.പി.ഐയാണ് രണ്ടാം സ്ഥാനത്ത്. സൗഹൃദ മത്സരം ഒഴിവാക്കിയിരുന്നെങ്കിൽ ട്വൻറി20 ജയിച്ച ഈ വാർഡ്​ മുന്നണിക്ക് സ്വന്തമാകുമായിരുന്നു. കുന്നത്തുനാട്ടിൽ ആറ് പേരാണ് കോൺഗ്രസ് ബാനറിൽ ജയിച്ചത്. സി.പി.എമ്മിന് ഒരാളെ ലഭിച്ചു.

രണ്ട് വാർഡിൽ ട്വൻറി20ക്കാണ് രണ്ടാം സ്ഥാനം. പഞ്ചായത്തിൽ ഭരണം പിടിച്ച ട്വൻറി20, 8005 വോട്ടും കോൺഗ്രസ് 7174 വോട്ടും സി.പി.എം 6119 വോട്ടും നേടി. ഐക്കരനാട്ടിൽ ഭരണം പിടിച്ച ട്വൻറി20 7692 വോട്ടുകളുമായി മുന്നണിക​െളക്കാൾ ബഹുദൂരം മുന്നിലായി. ഇവിടെ 3312 വോട്ട്​ സി.പി.എം നേടിയപ്പോൾ 2189 വോട്ടാണ്​ കോൺഗ്രസ്​ നേടിയത്​.

കിഴക്കമ്പലത്തെ തിരിച്ചടി മനസ്സിലാക്കിയ സി.പി.എം കാലേക്കൂട്ടി ട്വൻറി20ക്കെതിരെ രംഗത്തിറങ്ങിയത് അവർക്ക് ചെറിയ രീതിയിൽ ഗുണമായി. എന്നാൽ, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ട്വൻറി20 വോട്ട് ലക്ഷ്യമിട്ട് തന്ത്രപരമായ മൗനം പാലിച്ച കോൺഗ്രസിന് കനത്ത വിലയാണ് നൽകേണ്ടിവന്നത്.

Tags:    
News Summary - Twenty20; Massive vote leakage to Congress in panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.