തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽവേ പാത നിർമാണത്തിന് ലോകബാങ്ക് സഹായംതേടാൻ ആലോചന. നിലവിലെ ഇരട്ടപ്പാതക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം റെയിൽവേ ബോര്‍ഡ് തത്വത്തില്‍ അംഗീകരിക്കുകയും നടപടികളാരംഭിക്കാൻ അനുമതിനൽകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയനീക്കം. 510 കിലോമീറ്റർ നീളമുള്ള പാതക്ക് 16,600 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേന്ദ്രസർക്കാർ 49 ശതമാനവും സംസ്ഥാനം 51 ശതമാനവുമാണ് പദ്ധതിക്കായി ചെലവഴിക്കുക. ഏറെ സാമ്പത്തിക ഭാരമുള്ളതാണെങ്കിലും സംസ്ഥാനത്തിെൻറ റെയിൽവേ വികസനത്തിന് മുതൽകൂട്ടാകുന്ന പദ്ധതി യാഥാർഥ്യമാക്കാൻ പുതിയ സാധ്യതകൾ തേടാനാണ് സർക്കാർ നീക്കം. ലോകബാങ്ക് സഹായം നിർദേശമായുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിവേണ്ടത് നയപരമായ തീരുമാനമാണ്.
അതിവേഗ ട്രെയിനുകളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിക്കുന്നതെങ്കിലും അതിന് സാങ്കേതികതടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നുമാണ് റെയിൽവേ ബോർഡിെൻറ ഉറപ്പ്. ഇതിന് അനുസരിച്ചായിരിക്കും സർവേയും അനുബന്ധനടപടികളും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലെ ബ്രോഡ്ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ െഡവലപ്മെൻറ് കോർപറേഷന് ഇതിനകം വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. 1943 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാൻ 16,600 കോടി രൂപ വേണ്ടിവരും. ലൈനുകള്‍ക്ക് ശേഷിയില്ലാത്തതാണ് കേരളത്തില്‍ പുതിയ ട്രെയിനുകൾ ഓടിക്കുന്നതിന് മുഖ്യതടസ്സം.
ഇതോടൊപ്പം തലശ്ശേരി-മൈസൂര്‍ (മാനന്തവാടി വഴി) പാത, ബാലരാമപുരം-വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പാത, എറണാകുളത്ത് റെയില്‍വേ ടെര്‍മിനസ് എന്നീ പദ്ധതികൾക്കും സംസ്ഥാനം മുൻകൈ എടുത്ത് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുണ്ട്. 247 കി.മീറ്റര്‍ വരുന്ന ൈമസൂർ പാതക്ക് 3,209 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ തലശ്ശേരിയില്‍നിന്ന് മൈസൂരിലേക്ക് 810 കി.മീറ്ററാണ് ദൂരം. നിർദിഷ്ട പാതയോടെ യാത്രാസമയത്തില്‍ 12 മണിക്കൂറും ദൂരത്തില്‍ 570 കിലോമീറ്ററും കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.