പത്തനംതിട്ട: ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന വിഷ്ണുവിനെയാണ് (28) അറസ്റ്റ് ചെയ്തത്.ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറാണ് നേരത്തേ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പുറപ്പെടുവിച്ചതറിഞ്ഞ പ്രതി മാസങ്ങളായി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച വൈകീട്ട് പറക്കോടുള്ള മെഡിക്കൽ സെന്ററിൽ പരിക്കുപറ്റി എത്തിയ ഇയാൾ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തടയാൻ ശ്രമിച്ച യുവാവിനുനേരെ മുളക് സ്പ്രേ അടിച്ചശേഷം ബൈക്കിൽകയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് ആശുപത്രിയിൽ അതിക്രമം നടത്തിയതിന് ജാമ്യം ലഭിക്കാത്ത വകുപ്പ് ഉൾപ്പെടുത്തിയ കേസെടുത്തു. തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് ഇയാൾ പിടിയിലായത്. അടൂർ, ഏനാത്ത്, കുന്നിക്കോട്, കൊട്ടാരക്കര, പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപിക്കൽ, സംഘംചേർന്ന് ആക്രമിക്കൽ, മയക്കുമരുന്ന് വിപണനം തുടങ്ങിയ പതിനഞ്ചിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു.
അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ ഹാറൂൺ റഹ്മാൻ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ, ബദറുൽ മുനീർ, സിവിൽ പൊലീസ് ഓഫിസർമാരായ റോബി ഐസക്, പ്രവീൺ, സതീഷ്, ജോബിൻ, പ്രമോദ്, നിസാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.