തിരുവനന്തപുരം: ഓട്ടിസം ബാധിച്ച 10 വയസുള്ള കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിന തടവിന് ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ കോടതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെ(56)യാണ് ശിക്ഷിച്ചത്. കുട്ടിയുടെ അധ്യാപകൻ കൂടിയാണ് ഇയാൾ. തടവിനു പുറമെ 87000 രൂപ പിഴയുമടക്കണം. പിഴ അടച്ചില്ലെങ്കിൽ എട്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരും. വിവിധ വകുപ്പുകളായിട്ടാണ് ശിക്ഷ വിധിച്ചത്. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകക്ക് പുറമെ ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നൽകണം.
2019ലാണ് കേസിനാസ്പദ സംഭവം. കണ്ണൂർ സ്വദേശിയായ കുട്ടി ചികിത്സയുടെ ഭാഗമായി തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. തിരുവനന്തപുരത്തുള്ള സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയായിരുന്നു കുട്ടി. കുട്ടിയുടെ ശാരീരിക-മാനസിക വെല്ലുവിളികൾ മുതലെടുത്തായിരുന്നു പ്രതി ലൈംഗികാതിക്രമം നടത്തിയത്.
ചികിത്സ തുടങ്ങിയപ്പോൾ കുട്ടിയിൽ നല്ല മാറ്റം പ്രകടമായിരുന്നു. എന്നാൽ പെട്ടെന്ന് നിയന്ത്രണാതീതമായി ബഹളം വെക്കുന്നത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽ പെട്ടു. മാത്രമല്ല, കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകളും കണ്ടെത്തി. സംസാരിക്കാൻ കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതിനാൽ ശരീരത്തിലെ മുറിപ്പാടിനെ കുറിച്ച് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ കുട്ടിക്ക് ഒന്നും പറയാൻ സാധിച്ചില്ല. എന്നാൽ നടക്കുന്ന സംഭവങ്ങൾ നോട്ടുബുക്കിൽ എഴുതുകയോ വരക്കുകയോ ചെയ്യുന്ന ശീലം കുട്ടിക്കുണ്ടായിരുന്നു.
തനിക്കുണ്ടായ അനുഭവം കുട്ടി ബുക്കിൽ കുറിച്ചുവെച്ചിരുന്നു. പിന്നീട് കുട്ടിയുടെ സ്പീച്ച് തെറാപ്പിസ്റ്റ് വഴി കാര്യങ്ങൾ കൂടുതലായി മനസിലാക്കി. അപ്പോഴും അവ്യക്തമായതിനാൽ സി.ഡബ്ല്യു.സിയുടെ നിർദേശ പ്രകാരം മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെടുന്ന മൂന്നംഗ പാനൽ രൂപീകരിച്ച് പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു.
സ്കൂളിലെ ശുചിമുറിയിൽ വെച്ചാണ് അധ്യാപകൻ കുട്ടിക്കു നേരെ അതിക്രമം നടത്തിയത്. ഇഷ്ടക്കേട് കാണിക്കുമ്പോഴൊക്കെ പ്രതി കുട്ടിയുടെ തല ചുവരിൽ പിടിച്ച് ഇടിക്കുകയും അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. കുട്ടിക്ക് മിഠായിയും ബിസ്ക്കറ്റുമൊക്കെ നൽകുകയും ചെയ്തിരുന്നു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.