അഗർബത്തി എന്ന നാടകത്തിൽ നിന്ന്
തൃശൂർ: ജാതിവെറിക്കൊലകളുടെ ചിതയിലെ ചാരങ്ങൾ ചേർത്തുവെച്ചൊരു ചന്ദനത്തിരി തെറുത്താൽ എന്തായിരിക്കും അതിന്റെ ഗന്ധം. നിശ്ചയമായും അത് നമുക്ക് ശ്വസിക്കാനാവുന്നതായിരിക്കില്ല. രക്തമണമാകും അതിന്റെ പുകക്ക്. അത്തരത്തിലുള്ള രക്തമണമുള്ള ഒരുപിടി തിരികളുടെ കഥ പറയുകയാണ് മധ്യപ്രദേശിൽനിന്നുളള സമാഗം രംഗ് മണ്ഡൽ അവതരിപ്പിച്ച ‘അഗർബത്തി’ നാടകം.
ചമ്പൽക്കാടുകളെ വിറപ്പിച്ച ഫൂലൻദേവിയുടെ തോക്കുകൾക്ക് ഇരയായവരുടെ വിധവകളുടെ കഥയാണ് അഗർബത്തി പറയുന്നത്. ഫൂലൺദേവിയുടെ ആത്മകഥയായ ‘ഞാൻ ഫൂലൻദേവി’, അവരുടെ ജീവചരിത്രം പറയുന്ന സിനിമയായ ‘ബൻഡിറ്റ് ക്വീൻ’ എന്നിവയെയും നാടകം ആധാരമാക്കുന്നുണ്ട്. തന്നെ ബലാത്സംഗം ചെയ്യുകയും മത്സ്യബന്ധനം കുലത്തൊഴിലാക്കിയ തന്റെ ജാതിയായ മല്ല ജാതിയിൽപെട്ടവരെ നിരന്തരം ദ്രോഹിക്കുകയും ചെയ്തിരുന്ന താക്കൂർ ജാതിയിൽപെട്ട പുരുഷൻമാരെ ഫൂലനും സംഘവും തങ്ങളുടെ തോക്കിന് ഇരയാക്കിയിരുന്നു.
ഇത്തരത്തിൽ കൊല്ലപ്പട്ട താക്കൂർ പുരുഷൻമാരുടെ വിധവകൾ അവരുടെ ഭർത്താക്കൻമാരുടെ ചിതാ ഭസ്മം സൂക്ഷിച്ചുവെക്കുകയും പിന്നീട് അവർ കുടിൽ വ്യവസായമായ ചന്ദനത്തിരി നിർമാണം തുടങ്ങുമ്പോൾ അതിൽ ചിതാഭസ്മം കൂടി ചേർക്കുന്നതുമാണ് അഗർബത്തി പറയുന്ന കഥ. അതോടൊപ്പം തന്നെ താക്കൂർമാരുടെ ക്രൂരതകളുടെ കാഠിന്യവും നാടകം മറച്ചുവെക്കുന്നില്ല. ഉയർന്ന ജാതിയിലായാലും താഴ്ന്നജാതിയിൽ ആയാലും സ്ത്രീകൾ ഒരുപോലെ ആക്രമിക്കപ്പെടുകയും ഇരകൾ ആക്കപ്പെടുകയും ചെയ്യുന്നു എന്ന് നാടകം പറയുന്നു.
ഉയർന്ന ജാതിയിലെ സ്ത്രീകൾ ഇത്രമേൽ പ്രയാസം പേറുന്നുണ്ടെങ്കിൽ താഴ്ന്ന ജാതിയിലെ സ്ത്രീകൾ ഇരട്ട ദുരിതം പേറന്നവരായിരിക്കും എന്ന് നാടകം പറഞ്ഞുവെക്കുന്നു. ജാതിയും രാഷ്ട്രീയവും ലിംഗനീതിയും എല്ലാം നാടകത്തിൽ കടന്നുവരുന്നു. ജാതി ദുരഭിമാനം ഇന്ത്യയിൽ തുടരുന്ന സത്യമാണെന്നും നാടകത്തിനോ സാഹിത്യത്തിനോ അതിനെ തടുത്തുനിർത്താനാവില്ലെന്നും അഗർബത്തിയുടെ സംവിധായിക സ്വാതി ദുബെ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നമ്മൾ അതേപടി തുടരുന്നു. നാടകത്തിന് പോലും ഭീതിപരത്തുന്ന തരത്തിൽ സെൻസർഷിപ്പ് ആവശ്യപ്പെടുന്നുണ്ട്. ഭോപ്പാലിൽ ഒക്കെ നാടകം ഒരുപാട് സംഭാഷണങ്ങൾ വെട്ടിക്കുറച്ചാണ് അവതരിപ്പിച്ചത് എന്ന് സ്വാതി പറയുന്നു.
കൂട്ടക്കൊല ചെയ്യപ്പെട്ട താക്കൂര്‍ പുരുഷന്മാരുടെ വിധവകളെ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ ആരംഭിക്കുന്ന അഗര്‍ബത്തി നിര്‍മ്മാണശാലയാണ് നാടകത്തിന്റെ ഭൂമിക. ബാഹ്യദൃഷ്ടിയില്‍ ഇതൊരു ക്ഷേമപദ്ധതിയെന്ന് തോന്നിപ്പിക്കുമെങ്കിലും, സത്യത്തില്‍ അത് അടിച്ചമര്‍ത്തപ്പെട്ട രോഷത്തിന്റെയും പരിഹരിക്കപ്പെടാത്ത കുറ്റബോധത്തിന്റെയും ഒരു അഗ്‌നിപര്‍വ്വതമായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് കൂട്ടക്കൊലകള്‍ എപ്പോഴും പുരുഷന്മാരില്‍ മാത്രം ഒതുങ്ങുന്നത്?' എന്ന ചോദ്യം നാടകത്തിന്റെ ഗതി മാറ്റുന്നു.
അത് നിശബ്ദതയിലൂടെ ക്രൂരതക്ക് കൂട്ടുനില്‍ക്കുന്നവരുടെ ധാര്‍മ്മികതയെ നാടകം വിചാരണ ചെയ്യുന്നു. കേവലമൊരു കലാസൃഷ്ടി എന്നതിലുപരി, ചരിത്രവും രാഷ്ട്രീയവും ലിംഗനീതിയും ഒത്തുചേരുന്ന ഒരു ബൗദ്ധിക സംവാദമായി ഈ സെഷന്‍ രൂപാന്തരപ്പെട്ടു. അമന്‍, ഹര്‍ഷിത, ശശി, വന്ദിത്, അഞ്ജലി, ശ്വേത, ആശിഷ്, പല്ലവി, സൃഷ്ടി, ജിനമണി എന്നിവരാണ് നാടകത്തിൽ അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.