ധാക്ക: പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ 1400ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും രണ്ട് ഉന്നതർക്കുമെതിരെ കുറ്റം ചുമത്തണോ എന്നതിൽ ബംഗ്ലാദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ജൂലൈ പത്തിന് തീരുമാനമെടുക്കും.
ശൈഖ് ഹസീനക്ക് പുറമെ മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ പൊലീസ് ഡയറക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മഅ്മൂൻ എന്നിവർക്കെതിരെയാണ് കേസ്. പ്രതികളുടെ അഭിഭാഷകർ പത്തിന് ട്രൈബ്യൂണലിൽ ഹാജരാകും. കഴിഞ്ഞ ജൂലൈയിലായിരുന്നു പ്രക്ഷോഭം. കൊലപാതകം, ക്രൂരത, മാരകായുധങ്ങളുടെ ഉപയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച ശൈഖ് ഹസീനയുടെ അഭാവത്തിൽ കോടതി അവരെ ആറുമാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. പ്രക്ഷോഭത്തെതുടർന്ന് ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. ഇതിനുശേഷം ആദ്യമായാണ് അവർക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത്.
അതിനിടെ ധാക്ക കോടതി ശൈഖ് ഹസീന, മക്കളായ സജീബ് വാജിദ്, സൈമ വാജിദ്, സഹോദരി ശൈഖ് റിഹാന, റിഹാനയുടെ മക്കളായ ബ്രിട്ടീഷ് എം.പി തുലിപ് റിസ്വാസ സിദ്ദീഖ്, അസ്മിന സിദ്ദീഖ് എന്നിവരോട് വിവിധ കേസുകളിൽ ജൂലൈ 20ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.