ആദിവാസി ഭൂമി കൈയേറ്റ വാർത്തകൾ: ഡോ. ആർ. സുനിലിനെതിരായ കേസ് പിൻവലിക്കണമെന്ന് ആദിവാസി, ദലിത്, പൗരാവകാശ സംഘടനകൾ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖകളിലൂടെ തട്ടിയെടുക്കുന്ന നടപടി തടയാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമ ഇടപെടലിലൂടെ വസ്തുതകൾ പുറത്തുകൊണ്ടുവ ഡോ. ആർ. സുനിലിനെതിരെയും രാഷ്ട്രീയ പ്രവർത്തകനായ സുകുമാരൻ അട്ടപ്പാടിക്കുമെതിരെയും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ദലിത് പൗരാവകാശ സംഘടനകൾ പ്രക്ഷോഭമാരംഭിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയിൽ ശനിയാഴ്ച പാലക്കാട് കലക്ടറേറ്റിന് മുന്നിൽ സൂചന സത്യഗ്രഹം നടത്തും. ഒക്ടോബർ 10ന് സെക്രട്ടേറിയറ്റ് പടിക്കൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആദിവാസി ദലിത് ബഹുജന സത്യാഗ്രഹവും സംഘടിപ്പിക്കും. കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന സൂചന സത്യഗ്രഹത്തിന് പാലക്കാട് ജില്ല എസ്.സി-എസ്.ടി കോ ഓഡിനേഷൻ കമ്മിറ്റി നേതൃത്വം നൽകും. ആദിവാസി ഭൂമിയും സംസ്കാരവും സംരക്ഷിക്കാൻ നിരവധി ഇടപെടലുകൾ നടത്തിയ മാധ്യമപ്രവർത്തകന്റെ പേരിൽ കേസെടുത്ത നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണവും ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുന്ന നടപടിയുമാണ്. മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാനും റിയൽ എസ്റ്റേറ്റ് ലോബികളുടെ താൽപര്യം സംരക്ഷിക്കാനുമുള്ള തുറന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകുന്നത്.

സർക്കാർ സംവിധാനങ്ങളിൽ റിയൽ എസ്റ്റേറ്റ് മാഫിയകൾ സ്വാധീനം ചെലുത്തുന്നതിന്റെ തെളിവാണ് അട്ടപ്പാടി, കോട്ടത്തറ വില്ലേജിലെ ചെല്ലൻ എന്ന ആദിവാസി കുടുംബത്തിന്റെ കൈവശഭൂമി തട്ടിയെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരും ആർ.ഡി.ഒ ഓഫിസും ലീഗൽ സ്ർവിസ് അതോറിറ്റിയുമായി ബന്ധപ്പെട്ട അഭിഭാഷകരും പൊലീസും ചെയ്ത സംയുക്ത നടപടി.

ഭൂമി അന്യാധീനപ്പെട്ടെന്ന് ആദിവാസി കുടുംബത്തിന് പരാതി ഇല്ലെന്നിരിക്കെ, അധികാരികളുടെയും ആദിവാസികളുടെയും അറിവില്ലാതെ 1994ൽ എങ്ങനെയാണ് പ്രമാണം ചെയ്തതെന്നതിന്റെ നിയമവിരുദ്ധത പരിശോധിക്കാൻ തഹസിൽദാർ, ആർ.ഡി.ഒ എന്നിവർ തയാറായില്ല. പകരം ആദിവാസിയെ ഒഴിപ്പിക്കണമെന്നാണ് കോടതിയെ അറിയിച്ചത്. ഹൈക്കോടതി ലീഗൽ സർവിസസ് സേവനം ചെയ്യുന്ന വക്കീലാകട്ടെ 1999ലെ കെ.എസ്.ടി നിയമം അനുസരിച്ച് ആദിവാസികൾക്ക് അവകാശമുണ്ടെന്ന അടിസ്ഥാനരഹിതവും നിയമവിരുദ്ധവുമായ ഒരു വ്യാഖ്യാനമാണ് ഹൈകോടതിയിൽ നടത്തിയത്.

ആദിവാസികൾക്ക് വേണ്ടി വാദിച്ച അഭിഭാഷകന്റെ തെറ്റായ വാദത്തെ കണക്കിലെടുത്താണ് 1999ലെ നിയമമനുസരിച്ച് കൈയേറ്റക്കാർക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്. റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ചങ്ങലയിൽ റവന്യൂ ഉദ്യോഗസ്ഥരും ആർ.ഡി.ഒ ഓഫിസും ലീഗൽ സർവിസസ് സംവിധാനങ്ങളും പൊലീസും ഉൾപ്പെട്ടിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ്.

തെറ്റായ വ്യവഹാരങ്ങളിലൂടെ ആദിവാസിഭൂമി തട്ടിയെടുക്കുന്ന ലോബി അട്ടപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്നു. പെരുമാളിന്റെ മകനായ ചെല്ലന്റെ കേസിൽ ലീഗൽ സർവിസ് അതോറിറ്റിയിൽ നടന്ന വ്യവഹാരം റിവ്യൂ ചെയ്യാൻ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും. അതോടൊപ്പം നിലവിൽ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ചും ആദിവാസി ഭൂമി അന്യാധീനപ്പെടുന്ന കേസുകളെക്കുറിച്ചും സ്റ്റാറ്റസ് റിപ്പോർട്ട് പട്ടികവർഗവകുപ്പ് തയാറാക്കണം.

2023ലെ റവന്യൂ വിജിലൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്താൻ പട്ടികവർഗ വകുപ്പിന് ബാധ്യതയുണ്ടെന്നും എം. ഗീതാനന്ദൻ പറഞ്ഞു. എസ്.സി-എസ്.ടി കോഓഡിനേഷൻ കമ്മിറ്റി നേതാവ് സി. മായാണ്ടി, കാർത്തികേയൻ മംഗലം, കെ. വാസുദേവൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Tribal Land Encroachment: Adivasi-Dalit-Civil Rights Organizations want the case against Dr.R. Sunil to be withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.