അധ്യാപകരെ പട്ടിണിക്കിടുന്നത് ക്രൂരതയെന്ന് ക്ലീമിസ് കാതോലിക ബാവ; ‘പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം’

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപകരെ സർക്കാർ പട്ടിണിക്കിടുകയാണെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള നീതിനിഷേധമാണെന്നും ആർച്ച്​ ബിഷപ്​ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവ. ഭിന്നശേഷി സംവരണത്തിന്‍റെ പേരിൽ സർക്കാർ കാട്ടുന്ന നീതി നിഷേധത്തിനെതിരെ അധ്യാപക- മാനേജ്മെന്‍റ്​ സംഘടനകളുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018 മുതൽ നിയമനം ലഭിച്ചിട്ടും അംഗീകാരമില്ലാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും ക്ലീമിസ് കാതോലിക ബാവ ആവശ്യപ്പെട്ടു.

പുതിയ നിയമങ്ങൾ ആവിഷ്കരിക്കാനല്ല, മറിച്ച് നിലവിലെ കോടതി വിധികൾ കൃത്യമായി നടപ്പിലാക്കാനാണ് സമരം ചെയ്യുന്നത്. അധ്യാപകരെ മാത്രമല്ല, പതിനായിരക്കണക്കിന് വിദ്യാർഥികളെ‍യും ബാധിക്കുന്ന വിഷയത്തിൽ ന്യായമായ പരിഹാരം ഉണ്ടാകണം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകൾ നൽകിയ സത്യവാങ്മൂലം അംഗീകരിച്ച് മറ്റു നിയമനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തയാറാകണമെന്നും കാതോലിക ബാവ ആവശ്യപ്പെട്ടു.

ഭിന്നശേഷി സംവരണത്തിന്‍റെ പേരിൽ സർക്കാർ കാട്ടുന്ന നീതി നിഷേധത്തിനെതിരെ അധ്യാപക- മാനേജ്മെന്‍റ്​ സംഘടനകളുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന്​ മുന്നിൽ പ്രതിഷേധമിരമ്പി. എയ്‌ഡഡ് സ്കൂൾ അധ്യാപകരോടുള്ള സർക്കാർ അവഗണന, കെ- ടെറ്റ് ഉത്തരവിലെ അപാകതയും നിയമന അംഗീകാരത്തിലെ അനിശ്ചിതത്വവും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ശനിയാഴ്ച രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ മാർച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി യൂജിൻ പെരേര ഫ്ലാഗ് ഓഫ് ചെയ്തു. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കേരള കാതലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം കോർപറേറ്റ് മാനേജർ വിശാലാനന്ദ സ്വാമികൾ, പാറശ്ശാല ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് യൗസേബിയോസ്, ഫാ. ആന്റണി അറയ്ക്കൽ, കൊല്ലം മണി തുടങ്ങിയവർ സംസാരിച്ചു. കേരള എയ്‌ഡഡ് സ്കൂൾ മാനേജ്‌മെന്റ് അസോ. പ്രസിഡന്റ് ഡോ. വർക്കി ആറ്റുപുറത്ത് സ്വാഗതവും കെ.സി.ടി.ജി സംസ്ഥാന ജനറൽ സെക്രട്ടറി ജി. ബിജു നന്ദിയും പറഞ്ഞു.

Tags:    
News Summary - Mar Cleemis Bava says starving teachers is cruel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.