representational image

ഊരുകളിലേക്കുള്ള പ്രവേശനം നിരോധിച്ച് പട്ടികവർഗ വകുപ്പ് സർക്കുലർ; ഊരുകൂട്ടത്തിന്‍റ അവകാശം റദ്ദാക്കാനുള്ള നീക്കമെന്ന് ആക്ഷേപം

കോഴിക്കോട്: സംസ്ഥാനത്തെ ആദിവാസി ഊരുകളിലേക്ക് പുറത്തു നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ച് പട്ടികവർഗ വകുപ്പ് സർക്കുലർ. പട്ടികവർഗ വകുപ്പിന്‍റെ അനുമതിയില്ലാതെ ഊരുകൾ സന്ദർശിക്കുകയോ വിവരശേഖരണം നടത്തുകയോ ചെയ്യരുതെന്നാണ് സർക്കുലർ. ഉത്തരവ് ലംഘിക്കുന്നവരെ തടയും. മാവോവാദി സാന്നിധ്യ മേഖലകളെന്ന് രേഖപ്പെടുത്തിയ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തുന്നതിന് മുമ്പ് പൊലീസിന്‍റെ അനുമതി കൂടി വാങ്ങിക്കണമെന്നാണ് നിർദേശം.

ഊരുകളിലേക്ക് വരുന്ന മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അടക്കമുള്ളവരെ പൂർണമായും തടയുന്നതിനാണ് സർക്കുലർ വഴിവെക്കുക എന്നാണ് ആക്ഷേപം. ആദിവാസി വികസനത്തിനുള്ള കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന കോൺട്രാക്ടർമാർക്കും ഉദ്യോഗസ്ഥന്മാർക്കും സർക്കുലർ പരിചയായി തീരുമെന്ന വിമർശവുമുണ്ട്. ഗവേഷകർക്കും ഫീൽഡ് വർക്കർമാർക്കും ഇന്‍റേൺഷിപ്പിനും ക്യാമ്പ് സംഘടിപ്പിക്കുന്നതിനുമുള്ള മാർഗ നിർദ്ദേശമെന്ന നിലയിലാണ് സർക്കുലർ ഇറക്കിയത്.

ആദിവാസി ഊരിലോ പട്ടികവർഗ വകുപ്പിന്‍റെ സ്ഥാപനങ്ങളിലോ സന്ദർശനം നടത്തണമെങ്കിൽ മുൻകൂട്ടി ജില്ലയിലെ ഐ.ടി.ഡി.പി ഓഫിസർക്ക് അപേക്ഷ നൽകണം. ജില്ല ഓഫീസറുടെ ശിപാർശയയോടെ അപേക്ഷ ഡയറക്ടറേറ്റിലേക്ക് അയക്കും. ഡയറക്ടറേറ്റ് അത് പരിശോധിച്ച ശേഷമായിരിക്കും പരിഗണിക്കുക. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് താൽപര്യമുള്ളവർക്കെ അനുമതി ലഭിക്കൂ എന്ന സ്ഥിതി വരുമെന്നാണ് വിമർശനം. അനുമതിക്ക് വ്യക്തമായ നിബന്ധനകളും ഉണ്ടായിരിക്കും.

സ്ഥാപന മേധാവികളുടെ ശിപാർശ ഇല്ലാതെ അപേക്ഷ പരിഗണിക്കില്ല. പഠന റിപ്പോർട്ട് തയ്യാറാക്കാൻ പോകുന്നവർ അതിന്‍റെ പകർപ്പ് ഓഫീസർക്ക് സമർപ്പിക്കണം. അനുമതിക്കുള്ള അപേക്ഷ 14 ദിവസത്തിന് മുമ്പ് ലഭിച്ചിരിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. ആദിവാസി ഊരുകൾ സന്ദർശിക്കുന്ന സമയത്ത് അതിക്രമം നടന്നാൽ പട്ടികജാതി -വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കും. ആദിവാസി ഊര് അഥവാ ഊരുകൂട്ടം തീരുമാനിക്കേണ്ട കാര്യങ്ങൾ പട്ടികവർഗ വകുപ്പിന്‍റെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും സർക്കുലർ പറയുന്നു.

പട്ടികവർഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (എം.ആർ.എസ്), പട്ടികവർഗ ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും നിരോധനമുണ്ട്. ഊരുകൂട്ടത്തിന്‍റെ അധികാരങ്ങളെ റദ്ദ് ചെയ്യുകയാണ് പട്ടികവർഗ വകുപ്പെന്നും ഉത്തരവ് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് ആക്ഷേപം. ആദിവാസി ഊര് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. അവിടെ ആര് വരണം, ആര് വരേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. ആദിവാസികൾ അവരുടെ ഊരിലെ കാര്യങ്ങൾ നോക്കി നടത്താനായി അധികാരപ്പെടുത്തിയ ഊരുമൂപ്പന്‍റെ അധികാരത്തെയും ഉത്തരവ് റദ്ദാക്കുകയാണ്.

മുൻ ചീഫ് സെക്രട്ടറി വരെ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന് പട്ടികജാതി- ഗോത്ര കമീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് വകുപ്പിന്‍റെ സർക്കുലർ എന്നും വിമർശനമുണ്ട്. ഇത് ഭൂമാഫിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണെ ആരോപണവും ശക്തമാണ്.





Tags:    
News Summary - Tribal Department Circular Prohibiting Access to Villages; Allegation of a move to revoke the rights of the community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.