താഴ്ചയിലേക്ക് വീണുമരിച്ച കേതൻ വിശാൽ അഗർവാൾ, സിയ ഗോയൽ
പുണെ: ട്രെക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവത്തിൽ കൊലപാതകമെന്ന് പൊലീസ്. പുണെ സ്വദേശി കേതൻ വിശാൽ അഗർവാളിന്റേത് അപകടമരണമല്ല, പ്രതിശ്രുതവധുവും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പുണെയിലെ ലോഹാഗഡ് കോട്ട കാണാനെത്തിയപ്പോഴാണ് മുകളിൽനിന്ന് താഴേക്ക് വീണ് 26 വയസ്സുകാരനായ കേതൻ വിശാൽ അഗർവാൾ മരിച്ചത്. പ്രതിശ്രുതവധുവായ സിയ ഗോയൽ ആയിരുന്നു അപകടസമയത്ത് കേതനൊപ്പം കൂടെയുണ്ടായിരുന്നത്. അടുത്ത മാസമാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
ജൂൺ 19-നാണ് കേതനും സിയയും സുഹൃത്തുക്കളും ലോഹാഗഡിലെത്തുന്നത്. സിയയുടെ ജന്മദിനാഘോഷവും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടും നടത്താനാണ് സുഹൃത്തുക്കൾക്കൊപ്പം ഇവർ എത്തിയത്. എന്നാൽ, സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കാൻ നിൽക്കുന്നതിനിടെ കേതൻ കയറ്റത്തിൽനിന്ന് നിലതെറ്റി 350 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ശക്തമായ കാറ്റിൽ ബാലൻസ് പോയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ, കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊലപാതകത്തിന് പിന്നിൽ സിയയും കാമുകനായ ചേതൻ ചൗധരിയുമാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ ഉറപ്പിച്ച കേതനുമായുള്ള വിവാഹം നടക്കാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. മെയ് 31-ന് ലോഹഗഡ് സന്ദർശിച്ചപ്പോഴാണ് കൊലപാതകം നടത്താനുള്ള ആശയം ലഭിക്കുന്നത്. പിന്നീട് ജൂൺ 14-ന് വീണ്ടും ഇതേ സ്ഥലം സന്ദർശിച്ചുവെന്നും കൊലപാതകത്തിന് ശ്രമിച്ചിരുന്നുവെന്നും സിയ കുറ്റസമ്മതം നടത്തി. അത് പരാജയപ്പെടുകയും കേതന് സംശയമൊന്നും തോന്നാതിരിക്കുകയും ചെയ്തതോടെയാണ് ജന്മദിനാഘോഷ നാടകവുമായി ഇതേ സ്ഥലത്ത് വീണ്ടും എത്തുകയായിരുന്നു.
വിവാഹം മുടക്കാൻ സിയ നേരത്തെ പല വഴികളും നോക്കിയിരുന്നെങ്കിലും ഫലവത്തായില്ല. വിവാഹത്തിന് ശേഷമുള്ള യാത്രയ്ക്കായി ബാലിയിലേക്ക് ടൂർ പാക്കേജ് കേതൻ ബുക്ക് ചെയ്തിരുന്നെങ്കിലും പാസ്‌പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് സിയ യാത്ര റദ്ദാക്കുകയായിരുന്നു. പാസ്‌പോർട്ട് വാഷ്‌റൂമിൽ കീറിക്കളയുകയായിരുന്നുവെന്നും സിയ പൊലീസിനോട് പറഞ്ഞു. കേതന്റെ അപകടത്തിൽ കുടുംബവും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്.
കേതൻ ഒരു പരിചയസമ്പന്നനായ ട്രെക്കറാണ്. സിയ പറഞ്ഞതുപ്രകാരമുള്ള അപകടം സംഭവിക്കാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സിയയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അപ്പോഴാണ് മറ്റൊരു പ്രണയബന്ധം കണ്ടെത്തുകയായിരുന്നു.
ഇരുവരും ചേർന്നാണ് കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഇരുവർക്കുമെതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തുവെന്ന് പുണെ റൂറൽ പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.