രാ​മ​ക്ഷേ​ത്ര സം​ഭാ​വ​നാ വി​വാ​ദം: അ​ന്വേ​ഷ​ണ സം​ഘം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു, ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

ലഖ്നോ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് നടക്കുന്ന അന്വേഷണത്തിൽ, മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രാഥമിക റിപ്പോർട്ട് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് സമർപ്പിച്ചു.

ഇതുവരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയുള്ള പ്രാരംഭ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ അതീവ രഹസ്യമാണെന്നും നിലവിൽ ഒന്നും വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണ സംഘാംഗമായ വിജയ് വിശ്വാസ് പന്ത് വ്യക്തമാക്കി.

‘ഞങ്ങൾ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇത് പ്രാരംഭ റിപ്പോർട്ടാണ്. വിവരങ്ങൾ രഹസ്യസ്വഭാവമുള്ളതായതിനാൽ ഇപ്പോൾ ഒന്നും പുറത്തുവിടാൻ സാധിക്കില്ല’-അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

മുൻ സമാജ്‌വാദി പാർട്ടി എം.എൽ.എ പവൻ പാണ്ഡെ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രനിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ നിന്ന് ഏഴ് കോടി മുതൽ ഏഴ് കോടി അമ്പത് ലക്ഷം രൂപ വരെ തിരിമറി നടന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇതിനു പിന്നാലെ, ശ്രീരാം ജന്മഭൂമി മന്ദിർ ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂൺ 14നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചത്.

അതിനിടെ, ഈ വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിക്കപ്പെട്ടു. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകൾ, ഫണ്ട് തിരിമറി, ഭരണപരമായ വീഴ്ചകൾ എന്നിവയിൽ സി.ബി.ഐ മേൽനോട്ടത്തിൽ എസ്ഐടി അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

 

ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ, സംഭാവന രജിസ്റ്ററുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ബാങ്ക് രേഖകൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും സുരക്ഷിതമായി സൂക്ഷിക്കാൻ ട്രസ്റ്റിനും ഉത്തർപ്രദേശ് സർക്കാരിനും നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

തെളിവുകൾ നശിപ്പിക്കുകയോ തിരുത്തുകയോ ചെയ്യുന്നത് തടയാൻ കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. നിലവിലെ എസ്.ഐ.ടി അന്വേഷണത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്നും, തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, ഫണ്ട് കാണാതാവൽ തുടങ്ങിയ വിഷയങ്ങളിൽ ആശങ്കയുന്നയിച്ച് നേരത്തെയും ഒരു അഭിഭാഷകൻ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു.

Tags:    
News Summary - Ram Temple donation probe: SIT submits preliminary report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.