പ്രതീകാത്മക ചിത്രം

മൂന്നിലധികം കുട്ടികളുള്ള ഗർഭിണികൾക്ക് സൗജന്യ ചികിത്സയില്ല; അസമിൽ കർശന നടപടിയുമായി സർക്കാർ ആശുപത്രി

ബാർപേട്ട: അസമിലെ ബാർപേട്ടയിലുള്ള സർക്കാർ ആശുപത്രിയിൽ മൂന്നിൽ കൂടുതൽ കുട്ടികളുള്ള ഗർഭിണികൾക്ക് ഇനി സൗജന്യ രോഗനിർണ്ണയ സേവനങ്ങൾ ലഭിക്കില്ല. ജൂലൈ ഒന്നുമുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ആശുപത്രി മാനേജിങ് കമ്മിറ്റി പ്രസിഡന്റും അസം നിയമസഭാ സ്പീക്കറുമായ രഞ്ജീത് കുമാർ ദാസ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ജനസംഖ്യാ നയത്തിന് അനുസൃതമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നോ അതിലധികമോ കുട്ടികളുള്ള ഗർഭിണികൾക്ക് ആശുപത്രിയിൽ ഇനി സൗജന്യ സേവനങ്ങൾ ലഭിക്കില്ല. ഇവർ ആശുപത്രി രജിസ്ട്രേഷൻ ഫീസിനു പുറമെ, എക്സ്-റേ, അൾട്രാസൗണ്ട്, ലബോറട്ടറി പരിശോധനകൾ തുടങ്ങി എല്ലാ വൈദ്യസഹായങ്ങൾക്കും പണം നൽകണമെന്നാണ് പുതിയ തീരുമാനം. ബാർപേട്ട റോഡ് ടൗണിലെ ഫസ്റ്റ് റഫറൽ യൂണിറ്റിൽ (FRU) അത്യാധുനിക അൾട്രാസൗണ്ട് മെഷീൻ സ്ഥാപിച്ച ശേഷം സംസാരിക്കവേയാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ നയം നടപ്പിലാക്കണമെന്ന് രഞ്ജീത് കുമാർ ദാസ് ആരോഗ്യ മന്ത്രി അശോക് സിംഗാലിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടു.

അസമിൽ നിലവിൽ 'ടു-ചൈൽഡ് നോം' അഥവാ രണ്ടുകുട്ടി നയം കർശനമായി നടപ്പിലാക്കിവരികയാണ്. ഇതുപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി, സർക്കാർ ആനുകൂല്യങ്ങൾ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കപ്പെടും. അതേസമയം, കഴിഞ്ഞ ഡിസംബറിൽ പട്ടികവർഗ്ഗം, പട്ടികജാതി, തേയിലത്തോട്ടം തൊഴിലാളികൾ, മോറാൻ, മാറ്റക് വിഭാഗങ്ങൾ എന്നിവർക്ക് ഈ നയത്തിൽ ഇളവ് നൽകിയിരുന്നു.  

ജനസംഖ്യാ വർധനവ് നിയന്ത്രിക്കുക, മാതൃ-ശിശു ആരോഗ്യം ഉറപ്പാക്കുക, ബാലവിവാഹം പൂർണമായും ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഇത്തരം നടപടികളെന്ന് സർക്കാർ വാദിച്ചു. നിലവിലുള്ള ജനസംഖ്യാ നയത്തെ കൂടുതൽ കർശനമാക്കാനാണ് ബാർപേട്ടയിലെ പുതിയ തീരുമാനം ലക്ഷ്യമിടുന്നത്. ഈ നടപടി വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വലിയ ചർച്ചകൾക്ക് വഴിവെക്കാനാണ് സാധ്യത.  

Tags:    
News Summary - No free diagnostic services for women with more than three children: Assam hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.