രാജ്യത്തെ മുസ്‍ലിംങ്ങൾ നേരിടുന്നത് കടുത്ത അവഗണന; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ്

ന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിം സമുദായം നേരിടുന്ന സാമൂഹികവും രാഷ്ട്രീയവുമായ പാർശ്വവൽക്കരണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഇതോടൊപ്പം സമുദായത്തിന്റെ നിലവിലെ ദുരിതാവസ്ഥയെക്കുറിച്ച് സമഗ്രമായ രേഖ ഉടൻ പുറത്തിറക്കുമെന്നും ബോർഡ് വ്യക്തമാക്കി. ന്യൂഡൽഹിയിലെ ഇന്ത്യ ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് സുപ്രധാന തീരുമാനങ്ങൾ ബോർഡ് വക്താവ് എസ്.ക്യു.ആർ ഇല്യാസ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‌ലിംങ്ങൾക്കെതിരെ വർധിച്ചുവരുന്ന ആൾക്കൂട്ട അക്രമങ്ങളും, വീടുകളും ആരാധനാലയങ്ങളും ലക്ഷ്യം വെച്ചുള്ള ബുൾഡോസർ നടപടികളും ബോർഡ് ഗൗരവമായി ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൾ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങളിലും, സർക്കാർ ചടങ്ങുകളിലും സ്കൂളുകളിലും മദ്റസകളിലും വന്ദേമാതരം നിർബന്ധമാക്കാനുള്ള ശ്രമങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തിയ ബോർഡ്, ഇത് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

വിശ്വാസ കാര്യങ്ങളിൽ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് ബോർഡ് ആഹ്വാനം ചെയ്തു. മധ്യപ്രദേശ് ഹൈകോടതിയുടെ ഭോജ്ശാല കേസ് വിധി ചരിത്രരേഖകൾക്കും 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഇല്യാസ്, ഇതിനെതിരെ കമാൽ മൗല മോസ്ക് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു.

മുസ്‍ലിം സമുദായത്തിന്റെ ജീവനും അന്തസ്സിനും നേരെയുള്ള ആസൂത്രിത ആക്രമണങ്ങളിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര രാഷ്ട്രീയ പാർട്ടികൾ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും, മുസ്‍ലിംങ്ങളെ കേവലം ഒരു വോട്ട് ബാങ്കായി മാത്രമാണ് ഇവർ കാണുന്നതെന്നും ബോർഡ് വിമർശിച്ചു. മുസ്‍ലിം വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരു പാർട്ടിയും തയാറാകുന്നില്ലെന്നും സമുദായം നേരിടുന്ന മൗലികാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി ജനമനസ്സാക്ഷിയെ ഉണർത്തുകയാണ് പുതിയ പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്നും ബോർഡ് വക്താവ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - AIMPLB to launch nationwide movement against ‘social, political marginalisation’ of Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.