നിയമസഭയിൽ സ്റ്റാലിന്റെ ആംഗ്യത്തെ അനുകരിച്ച് മുഖ്യമന്ത്രി വിജയ്; ഡി.എം.കെ സഭയിൽ നിന്നും ഇറങ്ങിപ്പോയി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ കടുത്ത വാദപ്രതിവാദം. പാർട്ടി ഫണ്ട് ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി വിജയ്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വൈറൽ ആംഗ്യത്തെ അനുകരിച്ചത് പ്രതിപക്ഷമായ ഡി.എം.കെയെ ചൊടിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കിടെയായിരുന്നു നാടകീയ രംഗങ്ങൾ. തമിഴക വെട്രി കഴകം രാഷ്ട്രീയ അവസരവാദം കാണിക്കുന്നുവെന്ന് ഡി.എം.കെ അംഗങ്ങൾ ആരോപിച്ചതോടെയാണ് സഭയിൽ ബഹളമുണ്ടായത്. ബഹളത്തിനിടയിലും പ്രസംഗം തുടർന്ന വിജയ്, ഡി.എം.കെക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഡി.എം.കെ പാർട്ടി ഫണ്ടിന്റെ പേരിൽ പണപ്പിരിവ് നടത്തുകയാണെന്ന് വിജയ് ആരോപിച്ചു. തങ്ങൾ പൊതുപണം കൊള്ളയടിക്കില്ലെന്നും, പുറത്തുവരുന്ന ഓരോ അഴിമതിക്കേസും കർശനമായി അന്വേഷിക്കുമെന്നും വിജയ് പറഞ്ഞു. സെക്കുലർ പ്രോഗ്രസീവ് അലയൻസിലെ സഖ്യകക്ഷികളായിരുന്ന സി.പി.എമ്മിനെയും ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിനെയും ഭരണപക്ഷത്തേക്ക് കൊണ്ടുവരാൻ 'കുതിരക്കച്ചവടം' നടത്തി എന്ന ഡി.എം.കെയുടെ ആരോപണം വിജയ് തള്ളി. ഈ പാർട്ടികൾ സ്വതന്ത്ര തീരുമാനമാണ് എടുത്തതെന്നും, എന്നാൽ ഡി.എം.കെ അത് തങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും വിജയ് വ്യക്തമാക്കി.

മയക്കുമരുന്ന് മാഫിയയെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ തന്റെ ഭരണത്തിന് മുമ്പേ ഉള്ളതാണെന്നും, പ്രതിപക്ഷം നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രസംഗത്തിനിടെ, നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായ സ്റ്റാലിന്റെ കൈയാംഗ്യം വിജയ് അനുകരിച്ചത് സഭയിൽ വലിയ കൈയടിയുണ്ടാക്കി. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം ഡി.എം.കെ ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങുമ്പോൾ സ്റ്റാലിൻ കൈ ഉയർത്തി കാണിച്ചതാണ് അന്ന് വൈറലായത്. 'എല്ലാം കഴിഞ്ഞു' എന്ന അർത്ഥത്തിൽ അദ്ദേഹം നടത്തിയ ആ ആംഗ്യത്തെയാണ് വിജയ് പരിഹാസരൂപേണ സഭയിൽ ആവർത്തിച്ചത്.

അതേസമയം, ടാസ്‌മാക് വഴിയുള്ള 1,600 കോടി രൂപയുടെ വരുമാന നഷ്ടം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. നിയമസഭാ സ്പീക്കർ ജെ.സി.ഡി പ്രഭാകർ ഭരണപക്ഷ അംഗങ്ങൾക്കൊപ്പം ചേർന്ന് പ്രതിപക്ഷത്തോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും ബഹളം തുടർന്നതോടെയാണ് ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. 

Tags:    
News Summary - Massive showdown in Tamil Nadu assembly: CM Vijay targets DMK, mimics Stalin; opposition walks out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.