ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.
വിദ്യാർഥികളുടെ തയ്യാറെടുപ്പുകളെ അട്ടിമറിക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയ മാധ്യംത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കിടയിൽ അനാവശ്യ ഭീതി പടർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. പരീക്ഷക്ക് മൂന്നുദിവസം മുമ്പ് കോട്ടയിൽ രാഹുൽ സംഘടിപ്പിച്ച പരിപാടി ഇതിന്റെ ഭാഗമാണെന്നും വിദ്യാർഥികളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും പ്രധാൻ ആരോപിച്ചു. മേയ് മൂന്നിന് നടന്ന പരീക്ഷയുടെ പേപ്പർ ചോർച്ചയെത്തുടർന്ന് നടത്തിയ പുനപരീക്ഷ പരാജയപ്പെടുത്താൻ കോൺഗ്രസ് ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥി ആത്മഹത്യകളെ രാഹുൽ ഗാന്ധി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ‘ഓരോ ആത്മഹത്യ നടക്കുമ്പോഴും വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഞാൻ വേദനിക്കുന്നുണ്ട്.
സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസ് ഉപയോഗിക്കുന്നത് ഹീനമായ നടപടിയാണ്’- അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ഉന്നയിക്കുകയല്ലാതെ, വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ഒരൊറ്റ ക്രിയാത്മക നിർദേശം പോലും രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചിട്ടില്ലെന്നും പ്രധാൻ ആരോപിച്ചു.
പരീക്ഷ കേന്ദ്രമായി അബുദബി അനുവദിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളിലും മന്ത്രി മറുപടി നൽകി. വിദ്യാർഥിയുടെ പിതാവിന്റെ അഭ്യർഥന മാനിച്ചാണ് അബൂദബിയിൽ കേന്ദ്രം അനുവദിച്ചത്. പിന്നീട് വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നാഗ്പൂരിലേക്ക് കേന്ദ്രം മാറ്റാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തയ്യാറായി. വസ്തുതകൾ ഇതായിരിക്കെ, ഇതിലും രാഷ്ട്രീയം കലർത്താനാണ് രാഹുൽ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.
നീറ്റ് പരീക്ഷാ സംവിധാനം അട്ടിമറിക്കപ്പെട്ടുവെന്നും വിദ്യാഭ്യാസ മേഖലയിലെ അഴിമതി കാരണം ലക്ഷക്കണക്കിന് വിദ്യാർഥികൾ ദുരിതത്തിലാണെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തങ്ങളുടെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചപ്പോൾ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച പ്രധാൻ, പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.