മമത തന്നെ നേതാവ്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെ പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ച് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. മമത തന്നെയാണ് ടി.എംസിയുടെ ദേശീയ ചെയർപഴ്സനെന്നു വ്യക്തമാക്കി പുതിയ ഭാരവാഗി പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 20ൽ അധികം എം.പിമാരും എം.എൽ.എമാരുടെ ഒരു വിഭാഗവും വിമത ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് മമതാ വിഭാഗത്തിന്റെ നിർണായക നീക്കം. മമതാ ബാനർജി(ചെയർപഴ്സൻ), സുബ്രത ബക്ഷി(വൈസ് പ്രസിഡന്റ്), അഭിഷേക് ബാനർജി(ദേശീയ ജനറൽ സെക്രട്ടറി), ഡെറിക് ഒബ്രയൻ, ഡോല സെൻ(സംയുക്ത സെക്രട്ടറിമാർ)സുഭാഷിഷ് ചക്രബർത്തി(ട്രഷറർ) എന്നിങ്ങനെയാണ് പുതിയ പട്ടികയിലെ ഭാരവാഹികൾ.

 24 അംഗ ദേശീയ വർക്കിങ് കമ്മിറ്റിയിൽ  മമതാ ബാനർജി, സുബ്രത ബക്ഷി, അഭിഷേക് ബാനർജി, ഡെറിക് ഒബ്രയൻ, ഡോല സെൻ, സുഭാഷിഷ് ചക്രബർത്തി, സൗഗത റോയ്, സുദീപ് ബന്ദോപാധ്യായ, ചന്ദ്രിമ ഭട്ടാചാര്യ, മഹുവ മൊയ്ത്ര, മുകുൾ സാംഗ്മ, ബിരബാഹ ഹൻസ്ദ തുടങ്ങിയവരും അംഗങ്ങളാണ്.  ചന്ദ്രിമ ഭട്ടാചാര്യ ബംഗാൾ ടി.എംസി അധ്യക്ഷയായി തുടരും. 

കഴിഞ്ഞ ദിവസം ദിവസം വിമതരായ എം.പി-എംഎൽഎ വിഭാഗം കൊൽക്കത്തയിൽ പ്രത്യേക സമ്മേളനം ചേർന്നു സമാന്തര സംഘടനാ ഘടന പ്രഖ്യാപിച്ചിരുന്നു. ആ സമ്മേളനത്തിൽ സീനിയർ എംഎൽഎ അരൂപ് റോയിയെ പാർട്ടി ചെയർപഴ്സനായി തെരഞ്ഞെടുത്തതായും സംഘം അറിയിച്ചിരുന്നു. പാർട്ടി ഭരണഘടന പ്രകാരമാണ് സമ്മേളനം ചേർന്നതെന്നും 2022 ഫെബ്രുവരിയിലെ ദേശീയ വർക്കിങ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെന്നുമാണ് ഈ നീക്കത്തെക്കുറിച്ച് വിമത വിഭാഗം നേതാവ് ഋതബ്രത ബാനർജി പറഞ്ഞത്. പുതിയ വർക്കിങ് കമ്മിറ്റിയെയും ഭാരവാഹികളെയും അവർ പ്രഖ്യാപിച്ചു. ഈ തീരുമാനം കമ്മിഷനെ അറിയിക്കുമെന്നും വിമതർ അറിയിച്ചിരുന്നു.

എന്നാൽ വിമതരുടെ പ്രഖ്യാപനം മമതാ വിഭാഗം തള്ളിയിരുന്നു. പാർട്ടി ഭരണഘടന പ്രകാരം അത്തരമൊരു സമ്മേളനം വിളിക്കാനോ ഘടന മാറ്റാനോ വിമതർക്ക് അധികാരമില്ലെന്ന് മമതാ വിഭാഗം നേതാവ് കുനാൽ ഘോഷ് പ്രതികരിച്ചു. 

Tags:    
News Summary - TMC power struggle deepens as Mamata camp sends leadership list to EC ahead of rebel move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.