നീലേശ്വരം: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് അറ്റോണിയുടെ കാസർകോട് പരപ്പയിലെ വീട്ടുവളപ്പിൽ മരംമോഷണം. പരപ്പ വട്ടിപ്പുന്ന റോഡരികിൽ ബെന്നിയുടെ 75 സെന്റ് ഭൂമിയിലുള്ള ഒരു ലക്ഷംരൂപ വിലവരുന്ന മരങ്ങളാണ് മുറിച്ചു നീക്കിയത്.
യു.എസിൽനിന്ന് സ്ഥലമുടമ ബെന്നി എബ്രഹാം ജില്ല പൊലീസ് മേധാവിക്കയച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പ സ്വദേശി തുമ്പി എന്ന ജോൺസൺ കൊക്കുന്നേലിനും കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. നവംബർ 16ന് വൈകീട്ട് ഏഴുമണിയോടെയാണ് മൂന്നംഗസംഘം വളപ്പിൽ കയറി മരംവെട്ടിയത്. അടുത്ത ദിവസം പകൽ മരം കഷണങ്ങളാക്കി കടത്തികൊണ്ടുപോകാനുള്ള ശ്രമവും നടത്തി.
സ്ഥലം ഉടമ അമേരിക്കയിലാണെണന്നറിഞ്ഞ സംഘം സ്വന്തം ഭൂമിയിലെന്ന പോലെ പകൽവെളിച്ചത്തിൽ മരം മുറിച്ചുവീഴ്ത്തുകയായിരുന്നു. മോഷണം നേരിൽ കാണാനിടയായ ചിലർ ബെന്നിയെ വിളിച്ച് അറിയിച്ചു. ബെന്നി വെള്ളരിക്കുണ്ട് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി സ്ഥലം വളഞ്ഞതോടെ മുറച്ചിട്ട മരം ഉപേക്ഷിച്ച് സംഘം സ്ഥലംവിടുകയായിരുന്നു. ബെന്നിയുടെ സഹോദരൻ ജോയി എബ്രഹാം വെള്ളരികുണ്ട് പൊലീസിലും പരാതി നൽകി. ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.