അമ്പലപ്പുഴ: വൻ പൊലീസ് കാവലിൽ തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ വെട്ടിമാറ്റി. വെള്ളിയാഴ്ച പുലർച്ച 5.50ന് ആരംഭിച്ച മരം മുറിക്കൽ രാവിലെ 7.15ഓടെ പൂർത്തിയായി. ആറു ജില്ലകളിൽനിന്ന് 1500 പൊലീസുകാരുടെ കാവലിലാണ് 560 മരങ്ങൾ മുറിച്ചുമാറ്റിയത്. പ്രളയഭീഷണിയിൽ കുട്ടനാട്ടിൽനിന്നുള്ള ജലം തോട്ടപ്പള്ളി സ്പിൽവേയിലൂടെ സുഗമമായി ഒഴുകുന്നതിനാണ് ഇതെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷം കാലവർഷസമയത്ത് ഇതേ രീതിയിൽ ഏതാനും കാറ്റാടി മരങ്ങൾ വെട്ടിയെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മധ്യമേഖല ഡി.ഐ.ജി കാളിരാജ് മഹേഷിെൻറ നേതൃത്വത്തിൽ ആലപ്പുഴ എസ്.പി ജയിംസ് ജോസഫ്, ഇടുക്കി എസ്.പി വി.കെ. മധു എന്നിവരുടെ മേൽനോട്ടത്തിലാണ് മരങ്ങൾ വെട്ടിമാറ്റിയത്. ഇതിനായി സ്വകാര്യ വ്യക്തിക്ക് നേരേത്ത കരാർ നൽകിയിരുന്നു. സ്പിൽവേയുടെ 370 മീറ്റർ വീതിയിൽ നിലനിന്ന മരങ്ങളാണ് നീക്കം ചെയ്തത്.
ഇവ പിന്നീട് തോട്ടപ്പള്ളി കിഴക്ക് പ്രദേശത്തേക്ക് മാറ്റി. ലോക്ഡൗണായതിനാൽ പ്രതിഷേധിക്കാൻ ആർക്കും എത്താനായില്ല. മരങ്ങൾ വെട്ടുന്നതിനു മുന്നോടിയായി വ്യാഴാഴ്ച രാത്രിയോടെതന്നെ പൊലീസിനെ വിന്യസിച്ചിരുന്നു. അഗ്നിരക്ഷാ സേനയും നിലയുറപ്പിച്ചിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്താണ് തീരസംരക്ഷണത്തിനായി അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം മുൻകൈയെടുത്ത് കാറ്റാടി മരങ്ങൾ വെച്ചുപിടിപ്പിച്ചത്. സോഷ്യൽ ഫോറസ്ട്രി വകുപ്പാണ് കാറ്റാടി നട്ടുപിടിപ്പിച്ചത്.
ഇവിടെനിന്ന് കരിമണൽ കടത്തുന്നതിനാണ് കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയതെന്ന് ജനകീയ സമര സമിതി ആരോപിച്ചു. അതേസമയം, പൊഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണലും ഇവിടെനിന്ന് കടത്തുന്നുണ്ട്. ഇതിനെതിരെ പ്രതികരിച്ചതിന് മൂന്നുപേർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.