തിരുവനന്തപുരം: ആശ വർക്കർമാർ തിങ്കളാഴ്ച നടത്താനിരിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാനുള്ള തീവ്രപരിശ്രമവുമായി സർക്കാർ. അന്നേദിവസം എൻ.എച്ച്.എമ്മിന്റെ (നാഷനൽ ഹെൽത്ത് മിഷൻ) നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പരിശീലന പരിപാടികൾ ഉൾപ്പെടെ നിശ്ചയിച്ചിരിക്കുകയാണ്. കൊല്ലത്ത് ആശ പ്രവർത്തകർക്കായി ഉച്ചക്ക് രണ്ട് മുതൽ മൂന്നുവരെ പാലിയേറ്റിവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റിവ് കെയർ ഗ്രിഡ് എന്നിവ സംബന്ധിച്ച് പരിശീലനം നൽകാനാണ് ജില്ല പ്രോഗ്രാം മാനേജർ ഉത്തരവിറക്കിയത്.
എല്ലാ ആശമാരും നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരുടെ ഹാജർ നില മെഡിക്കൽ ഓഫിസർ പരിശോധിച്ച് അന്നുതന്നെ ജില്ലതലത്തിലേക്ക് അയക്കണമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിലും ഉറവിട നശീകരണം, പാലിയേറ്റിവ് ഡ്യൂട്ടി, റിപ്പോർട്ട് മീറ്റിങ്, പരിശീലനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കുന്നവരുടെയും ഹാജർനില അറിയിക്കണമെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തൊട്ടാകെനിന്നുള്ള ആശ വർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കുമെന്ന് വാർത്തകൾ വന്നതിനുപിന്നാലെയാണ് ഈ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.