തിരുവനന്തപുരം: പ്രതിദിന സ്പെഷൽ ട്രെയിനുകൾ തിങ്കളാഴ്ച രാവിലെ മുതൽ ഒാടിത്തുടങ്ങി. രാവിലെ 5.55ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി സ്പെഷലാണ് (02076) യാത്ര തുടങ്ങിയ ആദ്യപ്രതിദിന ട്രെയിൻ. യാത്രക്കാരെ ആരോഗ്യപരിശോധനകൾക്കുശേഷമാണ് പ്ലാറ്റ്ഫോമിലേക്ക് കടത്തിവിട്ടത്.
ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുമ്പ് തന്നെ സ്റ്റേഷനുകളിൽ സ്ക്രീനിങ് ആരംഭിച്ചു. താമസിച്ചെത്തി സ്ക്രീനിങ് പൂർത്തിയാകാത്തവരെ യാത്രക്ക് അനുവദിക്കില്ല. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും അനുവദിക്കില്ല. കൺഫേം ടിക്കറ്റുകളുള്ളവർക്കേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നൽകൂ. യാത്രയയക്കാൻ വരുന്നവർക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. ഡേ/എക്സ്പ്രസ് ട്രെയിനുകളിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ നോൺസ്ലീപ്പർ, സിറ്റിങ് കോച്ചുകളിൽ പ്രവേശനമുണ്ടാകൂ.
ട്രെയിനുകളിൽ റിസർവേഷൻ നിർബന്ധമാണ്. ടിക്കറ്റുകൾ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാം. ഇതോടൊപ്പം ആരോഗ്യ സേതു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. സാനിറ്റൈസർ കരുതണം. മാസ്ക് ധരിക്കണം. കാറ്ററിങ് സ്റ്റാളുകൾ, പാൻട്രി എന്നിവ പൂർണമായി പ്രവർത്തനം ആരംഭിക്കാത്തതിനാൽ ഭക്ഷണം, വെള്ളം എന്നിവയും കരുതണം.
ചാർട്ട് തയാറായ ശേഷം ഒഴിവുള്ള സീറ്റുകളിൽ അവസാന ഘട്ടത്തിൽ റിസർവേഷൻ അനുവദിക്കുന്ന ‘കറൻറ് ടിക്കറ്റ് ബുക്കിങ്’ നേരത്തേ ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് വരെ മാത്രമായിരുന്നു. ഇത് രണ്ട് മണിക്കൂർ മുമ്പുവരെയാക്കി ദീർഘിപ്പിച്ചു. പ്രധാന സ്റ്റേഷനുകളിൽ കറൻറ് കൗണ്ടറുകളിലും ഒാൺലൈനിനും കറണ്ട് ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കിടയിൽ ബുദ്ധിമുട്ട് നേരിട്ടാൽ 138 /139 എന്നീ നമ്പറിൽ ബന്ധപ്പെടാം. ട്രെയിൻ എത്തി 30 മിനിറ്റിനകം സ്റ്റേഷനിൽനിന്ന് പുറത്തുപോകണം.
തിങ്കളാഴ്ച ഓടുന്ന സ്പെഷൽ ട്രെയിനുകൾ
•(02076/02075) തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം (ആലപ്പുഴ വഴി) ജനശതാബ്ദി
•(06302/06301) തിരുവനന്തപുരം--എറണാകുളം--തിരുവനന്തപുരം (കോട്ടയം വഴി) പ്രതിദിന എക്സ്പ്രസ്.
•(06345 / 06346) തിരുവനന്തപുരം-ലോക്മാന്യത്തിലക്--തിരുവനന്തപുരം പ്രതിദിന സ്പെഷൽ എക്സ്പ്രസ്.
•(02617/02618) എറണാകുളം-നിസാമുദ്ദീൻ-എറണാകുളം പ്രതിദിന സ്പെഷൽ.
•(02082/02081) തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം (കോട്ടയം വഴി) ജനശതാബ്ദി.
എറണാകുളം ജങ്ഷൻ -നിസാമുദ്ദീൻ (തുരന്തോ) എക്സ്പ്രസ് (02284) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിവാര സർവിസായാണ് ഒാടുക. എറണാകുളത്തുനിന്ന് ജൂൺ ഒമ്പത് മുതൽ ചൊവ്വാഴ്ചകളിൽ പുറപ്പെടുന്ന തുരന്തോയുടെ നിസാമുദ്ദീനിൽ നിന്ന് മടക്കയാത്ര ശനിയാഴ്ചകളിലാണ്. വേണാട് എക്സ്പ്രസ് പുറപ്പെട്ടിരുന്ന പുലര്‍ച്ച അഞ്ചിനാണ് തിരുവന്തപുരം-എറണാകുളം സ്പെഷല്‍. രാവിലെ 7.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് എറണാകുളത്തെത്തും. ഉച്ചക്ക് ഒന്നിന് എറണാകുളത്തുനിന്ന് മടങ്ങുന്ന ട്രെയിൻ (06301) വൈകുന്നേരം 5.30ന് തിരുവനന്തപുരത്തെത്തും. ജൂൺ ഒമ്പത് മുതല്‍ രാവിലെ 7.45നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര.
ട്രെയിൻ റിസർവേഷൻ: 11 കൗണ്ടറുകൾ സജ്ജം
തിരുവനന്തപുരം: റെയിൽവേ തിരുവനന്തപുരം ഡിവിഷന് കീഴിൽ 11 സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തനസജ്ജം. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, എറണാകുളം സൗത്ത്, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും മറ്റ് സ്റ്റേഷനുകളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.