16കാരിക്ക് 86കാരിയുടെ എക്സ്റേ, ഡോക്ടർ മരുന്നും നൽകി; മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ പിഴവ്
അടൂർ: സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാ പിഴവ്. 16കാരിക്ക് 86കാരിയുടെ എക്സ്റേ മാറിനൽകുകയും ഡോക്ടർ മരുന്ന് കുറിച്ചുനൽകിയെന്നുമാണ് ആരോപണം. പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിനു നേരെയാണ് പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം റേഡിയോളജിസ്റ്റിനോട് തേടുകയും അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായോ എന്നത് ഉൾപ്പെടെ പരിശോധിച്ചും വരികയാണ്.
ഈ മാസം 14ന് ശ്വാസതടസ്സത്തിനു ചികിത്സ തേടി മെഡിക്കൽ കോളജിലെത്തിയ പതിനാറുകാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. പിതാവിനൊപ്പമെത്തിയ 16കാരിയെ പരിശോധിച്ച ശേഷം ഡോക്ടർ നിർദേശിച്ചതു പ്രകാരം എക്സ്റേ എടുക്കുകയും, എന്നാൽ യൂനിറ്റിൽനിന്ന് 86കാരിയുടെ എക്സ്റേ ഫിലിം റേഡിയോളജിസ്റ്റ് മാറിനൽകുകയുമായിരുന്നു. നട്ടെല്ലിനു വളവുള്ള രോഗിയുടെ എക്സ്റേയാണ് 16 കാരിക്ക് മാറി നൽകിയത്. രോഗിയുടെ പേരും വയസ്സും എഴുതിയിട്ടും തുടർചികിത്സയുടെ സമയത്തും ഡോക്ടർക്ക് ഇതേ സംബന്ധിച്ച് മനസ്സിലായില്ല. പരിശോധന തുടർന്ന് ഡോക്ടർ 16കാരിയുടെ നട്ടെല്ലിന് വളവുണ്ടെന്നും പറഞ്ഞ് നടുവേദനയ്ക്കുള്ള മരുന്നുകൾ കുറിച്ചു നൽകുകയായിരുന്നു.
ശ്വാസതടസ്സവും അസ്വസ്ഥതകളും വിട്ടുമാറാത്തതിനാൽ ദിവസങ്ങൾക്ക് ശേഷം കുട്ടി വീണ്ടും ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഗുരുതര ചികിത്സാ പിഴവ് ശ്രദ്ധയിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.