വയലുകളിൽ ചിതറിയ മൃതദേഹങ്ങൾ; അടിമുടി വിറങ്ങലിച്ച് ഒരു നാട്

തൃശൂർ: നാടിന്റെ കാതുകളിൽ ഇടിമുഴക്കം പോലെ ആ സ്ഫോടനത്തിന്റെ ശബ്ദം തുളച്ചു കയറിയപ്പോൾ ആരും കരുതിയില്ല, അത് ഒരു ജനതയുടെയാകെ പ്രാർത്ഥനകളെ കരിച്ചുകളയുന്ന മരണവാർത്തയാകുമെന്ന്. പൂരപ്പൊലിമയുടെ ആകാശവിസ്മയത്തിന് മരുന്നൊരുക്കിയ കൈകൾ ഇന്ന് ചാരമായി മാറിയിരിക്കുന്നു. മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ മരണം അഴിഞ്ഞാടിയപ്പോൾ അവിടെ അവശേഷിച്ചത് വെന്തുരുകിയ മണ്ണും നിലയ്ക്കാത്ത നിലവിളികളും മാത്രം.

വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഭീകരതയ്ക്കാണ് ആ പാടശേഖരം സാക്ഷിയായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുരയുടെ അവശിഷ്ടങ്ങൾക്കൊപ്പം ശരീരഭാഗങ്ങൾ സമീപത്തെ വയലിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകളിൽ ഇരുട്ടുപടർത്തുന്ന കാഴ്ച. പാടശേഖരത്തോട് ചേർന്നുള്ള വലിയൊരു പറമ്പിലാണ് വെടിക്കെട്ടുപുര പ്രവർത്തിക്കുന്നത്. സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ്. പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയവർക്ക് മുന്നിൽ കരിപുരണ്ട മണ്ണും മാംസക്കഷ്ണങ്ങളും മാത്രം ബാക്കി.

അപകടം നടന്നയുടൻ ഓടിയെത്തിയവർക്ക് അങ്ങോട്ട് അടുക്കാൻ പോലും സാധിച്ചില്ല. നിലയ്ക്കാതെ സ്ഫോടനം തുടർന്നുകൊണ്ടിരുന്നു. ഓരോ പൊട്ടിത്തെറിയും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് അഞ്ച് വെടിക്കെട്ട് പുരകളും കത്തി ചാമ്പലായത്. ആകാശം മുട്ടുന്ന ഉയരത്തിൽ പുകപടലങ്ങൾ ഉയർന്നതോടെ പ്രദേശത്താകെ കനത്ത പുക പടർന്നു. ശ്വാസം മുട്ടിക്കുന്ന ആ അന്തരീക്ഷത്തിൽ, കരിമരുന്നിന്റെ രൂക്ഷഗന്ധത്തിനിടയിൽ മരണം കാത്തു കിടന്നവരെ കണ്ടെത്താൻ ഫയർഫോഴ്സ് ജീവനക്കാർക്ക് ഏറെ പണിപ്പെടേണ്ടി വന്നു.

മരണത്തിനും ജീവിതത്തിനുമിടയിൽ വെന്തുരുകുന്ന മനുഷ്യരെ പുറത്തെടുക്കാൻ അഗ്നിശമന സേന ജീവൻ പണയപ്പെടുത്തിയാണ് പൊരുതുന്നത്. തീ നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കുന്നത് വൈകുകയായിരുന്നു. ഉള്ളിൽ ഇനിയുമെത്രപേർ ഉണ്ടെന്നോ, വെടിക്കെട്ട് സ്ഫോടകവസ്തുക്കൾ ഇനിയും ഉണ്ടോ എന്ന് വ്യക്തമല്ലാത്തതിനാലോ ഒരടി മുന്നോട്ട് വെക്കാൻ ഭയക്കുന്ന സാഹചര്യം. ഓരോ നിമിഷവും മരണസംഖ്യ ഉയരുമോ എന്ന ആശങ്കയിൽ നാട് ശ്വാസമടക്കിപ്പിടിച്ചു നിന്നു.

പൂരത്തിന്റെ ആവേശം വാനോളമുയർത്താൻ തയാറാക്കിയ അമിട്ടുകളും ഗുണ്ടുകളും ഒടുവിൽ ആ പാവം തൊഴിലാളികളുടെ ചിതയ്ക്കുള്ള കനലുകളായി മാറി. തൃശൂരിന്റെ പൂരചരിത്രത്തിലെ കറുത്ത അധ്യായമായി മുണ്ടത്തിക്കോട് ദുരന്തം രേഖപ്പെടുത്തപ്പെടുമ്പോൾ, കരിമരുന്നിന്റെ ഗന്ധമുള്ള കാറ്റിൽ തേങ്ങലുകൾ അലയടിക്കുന്നു.

Tags:    
News Summary - A Village Shaken: Multiple Blasts Level Fireworks Unit in Thrissur; Death Toll Feared to Rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.