കെ. മുരളീധരൻ

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്; ആവശ്യമുന്നയിച്ച് കേരളം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടാമതൊരു മെഡിക്കൽ കോളജിന് അനുമതി തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു. എത്രയുംവേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വർഷംതന്നെ വിദ്യാർഥി പ്രവേശനത്തിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ പ്രത്യേക ഓൺലൈൻ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതികളുടെ അവലോകന യോഗത്തിൽ അടിയന്തര ആവശ്യങ്ങളിലൊന്നായാണ് കേന്ദ്രത്തിന് മുന്നിൽ ഇക്കാര്യം സമർപ്പിച്ചത്.

നിലവിലുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള അത്യാധുനിക മെഡിക്കൽ കോളജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും നിലവിൽ സജ്ജമാണ്. അതിനാൽ പുതിയ മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി, മുമ്പ് നിശ്ചയിച്ചിട്ടുള്ള 150 കോടി രൂപയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, രാജ്യത്തുടനീളം പുതുതായി 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നദ്ദ വ്യക്തമാക്കി. കേരളത്തിന് ആവശ്യമായ അനുമതി സമയബന്ധിതമായി ലഭ്യമാക്കുമെന്നും ഉറപ്പുനൽകി.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസിനായി സംസ്ഥാനത്ത് അനുയോജ്യമായ 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘം സാധ്യതാപഠനം നടത്തി ഇതിനുള്ള അനുമതി ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എയിംസ് ന്യായമായ ആവശ്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ഭരണപരമായ നടപടികൾ പൂർത്തിയാക്കി അത് യാഥാർഥ്യമാക്കുമെന്ന് അറിയിച്ചു.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകളിൽ പുതിയ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനും ഹരിപ്പാടും കൽപ്പറ്റയിലും പുതിയ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ യാഥാർഥ്യമാക്കുന്നതിനും കേന്ദ്രസഹായം തേടിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക ട്രോമ കെയർ, ബേൺസ് യൂനിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളജുകളുടെ വികസനത്തിനും തുക അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഉന്നതതല ഓൺലൈൻ യോഗത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. അനു എസ്. നായർ, കെ.എം.എസ്‌.സി.എൽ എം.ഡി ഡോ. രേണു രാജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (ടി.ബി) ഡോ. സക്കീന തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Kerala Seeks Approval for Second Medical College in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.