(പ്രതീകാത്മക ചിത്രം)

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വാഹന പാർക്കിങ് അനുവദിക്കില്ല

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കലക്ടർ എ. ഗീത അറിയിച്ചു. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ സമയങ്ങളിൽ ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള മറ്റു ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ചകളിൽ രാവിലെ ആറ് മുതൽ ഒമ്പത് വരെയും ചുരത്തിൽ നിയന്ത്രണമുണ്ടാകും.

ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തര ഉപകരണങ്ങളുടെ ഓപറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെന്റർ സംവിധാനവും ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരത്തിൽ വാഹനങ്ങളെ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പൊലീസും പഞ്ചായത്തും ബന്ധപ്പെട്ട സ്ഥാപന ഉടമകളിൽനിന്നും പിഴ ഈടാക്കും. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ല ഭരണകൂടം, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, ചുരം സംരക്ഷണസമിതി, ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Tags:    
News Summary - Traffic control at Thamarassery churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.